തുളുനാടിന്‍റെ സമ്പന്നമായ പാരമ്പര്യം പകര്‍ത്തിയ ചിത്രം; കാന്താരയെ അഭിനന്ദിച്ച് നിര്‍മല സീതാരാമന്‍

സന്നദ്ധപ്രവർത്തകരും അഭ്യുദയകാംക്ഷികളും അടങ്ങുന്ന ഒരു ടീമിനൊപ്പം ബെംഗളൂരുവിൽ കാന്താര കണ്ടു

Update: 2022-11-03 05:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: നിറഞ്ഞ സദസില്‍ കയ്യടികള്‍ ഏറ്റുവാങ്ങി കാന്താര പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാണുന്നവരെല്ലാം ചിത്രത്തെ പ്രകീര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും കാന്താരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തുളുനാടിന്‍റെ സമ്പന്നമായ പാരമ്പര്യം പകര്‍ത്തിയ ചിത്രമെന്നാണ് മന്ത്രി കാന്താരയെ വിശേഷിപ്പിച്ചത്.

''സന്നദ്ധപ്രവർത്തകരും അഭ്യുദയകാംക്ഷികളും അടങ്ങുന്ന ഒരു ടീമിനൊപ്പം ബെംഗളൂരുവിൽ കാന്താര കണ്ടു. മികച്ച രീതിയില്‍ ഒരുക്കിയ ചിത്രം. തുളുനാടിന്‍റെയും കരവാളിയുടെയും സമ്പന്നമായ പാരമ്പര്യം കാന്താര പകര്‍ത്തിയിരിക്കുന്നു'' നിര്‍മല ട്വിറ്ററില്‍ കുറിച്ചു. ശ്രീ ശ്രീ രവിശങ്കറും ചിത്രം കണ്ടിരുന്നു. തന്റെ ഭക്തർക്കൊപ്പം ബെംഗളൂരുവിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ ശ്രീ രവിശങ്കർ ചിത്രം കണ്ടത്. "ഈ ചിത്രത്തിന്റെ വിജയം കർണാടകയ്ക്ക് അഭിമാനം പകരുന്നു. അഭിനയവും കഥ പറച്ചിലും വളരെ ആസ്വാദ്യകരമായിരുന്നു. മലനാടിന്‍റെ മഹത്വം മനോഹരമായി ഇത് കാണിക്കുന്നു" എന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു. നേരത്തെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, തെലുങ്ക് താരം പ്രഭാസ്, നടി കങ്കണ റണൗട്ട്, നടന്‍ ജയസൂര്യ എന്നിവരും കാന്താര കണ്ട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസ് എന്നാണ് രജനി കാന്താരയെ വിശേഷിപ്പിച്ചത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകന്‍. സെപ്തംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 250 കോടി കടന്നിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിക്കുന്നത്. അതിനിടെ ചിത്രത്തിലെ 'വരാഹരൂപം' എന്ന ഗാനം തിയറ്ററിലും ഒടിടിയിലും യുട്യൂബിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. ഗാനത്തിനെതിരെ മോഷണ വിവാദം ഉയര്‍ത്തി തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു.

പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. മാതൃഭൂമി പ്രിന്‍റിംഗ് ആന്‍ഡ് പബ്ലിഷിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സംവിധായകനായ ഋഷഭ് ഷെട്ടി,നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, യൂട്യൂബ്, സ്പോട്ടിഫൈ, ആമസോണ്‍, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവന്‍ എന്നിവരെയാണ് ഗാനം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News