നിഷിദ്ധോ ഇന്ന് തിയേറ്ററുകളിൽ
26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച നവാഗത സംവിധായകക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു
കേരള സർക്കാരിൻറെ ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ പദ്ധതിയിലെ ആദ്യഘട്ട ചിത്രങ്ങളിലൊന്നായ നിഷിദ്ധോ ഇന്ന് തിയേറ്ററുകളിലെത്തി. സിനിമാ സംവിധാനരംഗത്തെ സ്ത്രീസാന്നിധ്യം ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ. താരാ രാമാനുജൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് കേരള സംസ്ഥാന ചലചിത്ര വികസന കോർപ്പറേഷനാണ്.
ഐ.എഫ്.എഫ്.കെ ഉള്‍പ്പടെയുള്ള ചലചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം നിരവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു. കനി കുസ്യതി, തൻമയ് ധനാനിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
കേരളത്തിലേക്ക് കുടിയേറപ്പെട്ട രണ്ട് പേരുടെ ജീവിതമാണ് നിഷിദ്ധോയുടെ പ്രമേയം. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച നവാഗത സംവിധായകക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു.
മിനി ഐ.ജി സംവിധാനം ചെയ്ത ഡിവോഴ്സാണ് ഫിലിംസ് ഡയറക്റ്റഡ് ബൈ വുമൺ പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയായ മറ്റൊരു ചിത്രം.