ക്ലബ് ഹൗസിലേത് വ്യാജ അക്കൗണ്ട്; പ്രതികരണവുമായി നിവിന്‍ പോളിയും
പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ അറിയിക്കുമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ചാറ്റ് റൂമുകളിൽ ചർച്ചകളും വാഗ്വാദങ്ങളും തമാശ പറച്ചിലുമായി ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ വ്യാജൻമാരും വ്യാപകമാകുന്നു. തങ്ങളുടെ പേരിലുള്ള ക്ലബ് ഹൗസ് അക്കൗണ്ടുകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി സിനിമാതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും രംഗത്തു വന്നതിനു പിന്നാലെ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി.
തന്റെ പേരില്‍ ക്ലബ് ഹൗസിലുള്ള പ്രൊഫൈലുകള്‍ വ്യാജമാണെന്നും താന്‍ ഇതുവരെ ക്ലബ് ഹൗസില്‍ ചേര്‍ന്നിട്ടില്ലെന്നും ഏതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കുമെന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുതെന്നും അത് അത്ര തമാശയല്ലെന്നുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ പ്രതികരിച്ചത്. ദുല്‍ഖറിന്റെ പേരില്‍ നാലോളം അക്കൗണ്ടുകളാണ് ക്ലബ് ഹൗസില്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നില്‍ ആറായിരത്തിലേറെ ഫോളോവേഴ്‌സും ഉണ്ടായിരുന്നു. അതേസമയം, പൃഥ്വിരാജ് സുകുമാരൻ, ദി റിയൽ പൃഥ്വി തുടങ്ങിയ പേരുകളിലായിരുന്നു പൃഥ്വിരാജിന്‍റെ വ്യാജന്മാർ രംഗത്തെത്തിയത്.
ഒരു സ്റ്റാർട്ട് അപ്പായി തുടങ്ങി ലോകമെമ്പാടും വൈറലായി മാറിയ ആപ്പാണ് ക്ലബ് ഹൗസ്. ഒരുവർഷമായി ഐ.ഒ.എസിൽ ലഭ്യമായിരുന്ന ആപ്പ് ജനകീയമാകുന്നത് ആൻഡ്രോയ്ഡിൽ ലഭ്യമാകാൻ തുടങ്ങിയതിനു പിന്നാലെയാണ്. മറ്റ് സൈബർ ബ്ലോഗിങ് ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസാരം മാത്രമാണ് ക്ലബ് ഹൗസിലെ ആശയവിനിമയ മാർഗം.