ഒടിടി റിലീസിന്‍റെ പേരില്‍ ഒരു താരത്തെയും വിലക്കില്ല: ഫിയോക്

മരക്കാര്‍ തിയറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക്

Update: 2021-10-25 11:52 GMT
Advertising

ഒടിടി റിലീസിന്‍റെ പേരില്‍ ഒരു താരത്തെയും വിലക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഒടിടി റിലീസില്‍ ആശങ്കയില്ല. മരക്കാര്‍ തിയറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക് ഭാരവാഹി കെ വിജയകുമാര്‍ പറഞ്ഞു.

പൃഥ്വിരാജിന്‍റെ സിനിമകള്‍ തിയറ്ററില്‍ വിലക്കണമെന്ന് ചില തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ റിലീസ്‌ ചെയ്യുന്നതിനാല്‍ തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ പ്രതിഷേധ ഉയര്‍ന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനകം പൃഥ്വിരാജിന്റെ മൂന്ന് സിനിമകളാണ് ഒടിടിയില്‍ റിലീസ് ചെയ്തിട്ടുള്ളത്. കോള്‍ഡ് കേസ് ആണ് ആദ്യ ചിത്രം. പിന്നീട് കുരുതിയും ഭ്രമവും തിയറ്റര്‍ റിലീസിന് കാത്തുനില്‍ക്കാതെ ആമസോണ്‍ പ്രൈംമിന് നല്‍കി.

അതിനിടെ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത് പരിഗണിക്കുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ആമസോൺ പ്രൈമുമായി ചർച്ച നടത്തുന്നുണ്ട്. ഒ.ടി.ടിയിലും തിയറ്ററിലുമായുള്ള റിലീസ് പരിഗണനയിലില്ല. റിലീസ് ഇനിയും നീട്ടാനാവില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News