ദൃശ്യങ്ങളില്ല, ശബ്ദം മാത്രം; മലയാളത്തിലെ ആദ്യ ശബ്ദചിത്രം അണിയറയില്‍ ഒരുങ്ങുന്നു
അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിനോയ് കാരമെൻ ആണ്
ഇന്ത്യയിലെ ആദ്യത്തെ ഓഡിയോ ചിത്രം ബ്ലൈൻഡ് ഫോൾഡ് അണിയറിയിൽ ഒരുങ്ങുന്നു. അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിനോയ് കാരമെൻ ആണ്. ഇന്റലക്ച്വൽ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരൽ ബ്രാന്റായ ക്ലുമും ചേർന്ന് നിർമിക്കുന്ന ചിത്രം, പരമ്പരാഗത സിനിമകളിൽ നിന്നും വ്യത്യസ്തമായി ശബ്ദത്തിന്റെ നൂതന സഹായത്തോടെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
അന്ധനായ നായകൻ ഒരു കൊലപാതകത്തിന് സാക്ഷിയാവുകയും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദൃശ്യങ്ങളില്ലാതെ ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം വ്യത്യസ്തമായ അനുഭമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൂര്യ ഗായത്രിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. അജിൽ കുര്യൻ, കൃഷ്ണൻ ഉണ്ണി എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിൻ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ചിത്രമാണിത്.