ഗുണ കേവ്‌സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല; ശ്രദ്ധ നേടി മോഹന്‍ലാലിന്റെ കുറിപ്പ്

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന ഗുണ കേവ്‌സില്‍ നിരവധി മരണങ്ങളും ആത്മഹത്യകളും നടന്നിട്ടുണ്ട്. അതിലേക്ക് വീണുപോയവരാരും പിന്നീട് തിരിച്ചുവന്നിട്ടില്ല എന്നാണ് പറയുന്നത്.

Update: 2024-02-29 10:29 GMT
Advertising

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഗുണ കേവ്‌സ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ ലാല്‍ മുന്‍പൊരിക്കല്‍ ഗുണ കേവ്‌സ് സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കുറപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഗുണ കേവ്‌സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. എറണാംകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കള്‍ ഗുണ കേവ്‌സില്‍ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം  പറയുന്നത്.

'കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്.

പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു.

ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു' - മോഹന്‍ലാല്‍ കുറിച്ചു.

ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെടുന്ന ഗുണ കേവ്‌സില്‍ നിരവധി മരണങ്ങളും ആത്മഹത്യകളും നടന്നിട്ടുണ്ട്. അതിലേക്ക് വീണുപോയവരാരും പിന്നീട് തിരിച്ചുവന്നിട്ടില്ല എന്നാണ് പറയുന്നത്.

ഫെബ്രുവരി 22 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ 25 കോടിയാണ്. 3.35 കോടി രൂപയാണ് ചിത്രത്തിന്റെ കേരളത്തിലെ ഓപ്പണിങ് കളക്ഷന്‍. മികച്ച പ്രതികരണം തന്നെയണ് തമിഴ് നാട്ടില്‍ നിന്നും ലഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലീം കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News