'എൻ.എസ്. മാധവന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം'; പുസ്തകത്തിന് 'ഹിഗ്വിറ്റ' എന്ന പേരിട്ട് ചിത്രകാരന്‍
എഴുത്തും സിനിമയുമാണ് മഹാത്ഭുതങ്ങളെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മൂഢ വർഗ്ഗത്തെ തോൽപ്പിക്കുക എന്ന ഒരു ലക്ഷ്യവും ഇതിലില്ലെന്ന് ആഷര്‍ ഗാന്ധി
ഹിഗ്വിറ്റ എന്ന പേര് സിനിമക്കിട്ടതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. തന്‍റെ 'ഹിഗ്വിറ്റ' എന്ന കഥയുടെ പേര് സിനിമക്കിട്ടതില്‍ എന്‍.എസ് മാധവന്‍ ആണ് സിനിമക്കെതിരായി ആദ്യം രംഗത്തുവരുന്നത്. തുടര്‍ന്ന് വലിയ വാദപ്രതിവാദങ്ങളാണ് ദിനംപ്രതിയെന്നോണം സംഭവത്തില്‍ ഉയരുന്നത്. ഇപ്പോഴിതാ തന്‍റെ പുതിയ പുസ്തകത്തിന് 'ഹിഗ്വിറ്റ' എന്ന പേരിട്ട് പ്രതികരണം അറിയിച്ചിരിക്കുകയാണ് പ്രശസ്ത ചിത്രകാരനും ഡിസൈനറുമായ ആഷര്‍ ഗാന്ധി. ശില്‍പ്പങ്ങളെ അധികരിച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നൂറോളം ചിത്രങ്ങളുള്ളതായും 'ഹിഗ്വിറ്റ' എന്ന പേര് പുസ്തകത്തിന് നല്‍കുന്നതായും ആഷര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
എൻ.എസ്. മാധവനെ പോലെ ആർക്കെങ്കിലും ഇങ്ങനെയൊരു പേര് ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നും എഴുത്തും സിനിമയുമാണ് മഹാത്ഭുതങ്ങളെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മൂഢ വർഗ്ഗത്തെ തോൽപ്പിക്കുക എന്ന ഒരു ലക്ഷ്യവും ഇതിലില്ലെന്നും ആത്മരതി മാത്രമാണിതിലെന്നും ആഷര്‍ വ്യക്തമാക്കി.
ആഷര്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അടുത്ത് ചെയ്ത ശില്‍പ്പങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നത് ചെറിയ ആഗ്രഹമായിരുന്നു. ഒരു ഇംഗ്ലീഷ് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കാൻ തയ്യാറാണ്. മടി കാരണം ഒരുപാട് സമയമെടുത്തു, അകത്ത് നൂറോളം ചിത്രങ്ങളുണ്ട്. ഇപ്പോൾ എനിക്ക് പേരും ലഭിച്ചു. ഹിഗ്വിറ്റ. എൻ.എസ്. മാധവനെ പോലെ ആർക്കെങ്കിലും ഇങ്ങനെയൊരു പേര് ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കുക. എഴുത്തും സിനിമയുമാണ് മഹാത്ഭുതങ്ങളെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മൂഢ വർഗ്ഗത്തെ തോൽപ്പിക്കുക എന്ന ലക്ഷ്യവും എനിക്കിതിലില്ല. ഇതൊരാത്മരതി മാത്രം.