'ബിക്കിനിയും ഹിജാബും... അവർക്കെല്ലാം പ്രശ്‌നം'; പത്താൻ വിവാദത്തിൽ പ്രതികരിച്ച് നുസ്‌റത്ത് ജഹാൻ
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷത്തിലെത്തുന്ന 'പത്താൻ' സിനിമ ബഹിഷ്‌കരിക്കണമെന്ന് തീവ്രഹിന്ദുത്വവാദികൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം തുടങ്ങിയിട്ടുണ്ട്
ന്യൂഡൽഹി: ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'പത്താനി'ൽ ദീപിക പദുകോണിന്റെ വസ്ത്രത്തെ കുറിച്ച് വിവാദം സൃഷ്ടിച്ച ബിജെപി നേതാക്കളുടെ നിലപാടിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്‌റത്ത് ജഹാൻ. 'അവർക്ക് എല്ലാത്തിലും പ്രശ്‌നമാണ്, വനിതകൾ ഹിജാബ് ധരിക്കുന്നത് അവർക്ക് പ്രശ്‌നമാണ്, ഇപ്പോൾ ബിക്കിനി ധരിക്കുന്നതും പ്രശ്‌നമാണ്. പുതിയ ഇന്ത്യൻ സ്ത്രീകളോട് എന്ത് ധരിക്കണമെന്ന് പറയുന്നത് അവരാണ്' ജഹാൻ എൻ.ഡി ടിവി ചർച്ചയിൽ അവർ കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ സിനിമയെ ട്വിസ്റ്റ് ചെയ്ത് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുകയാണെന്നും ജഹാൻ വിമർശിച്ചു.
ആരുടെയെങ്കിലും ആദർശത്തെ കുറിച്ചല്ല പറയുന്നതെന്നും ഭരണപക്ഷ പാർട്ടി ജനങ്ങളുടെ വിവിധ വിഷയങ്ങളിൽ ഇടപെടുന്നതിനെ കുറിച്ചാണെന്നും അവർ ചെയ്യുന്നതെല്ലാം ആത്മീയതയും മതപരവുമാകുകയാണെന്നും അവ അംഗീകരിക്കപ്പെടുകയാണെന്നും നുസ്‌റത്ത് ജഹാൻ പറഞ്ഞു.
'നാം എന്ത് ധരിക്കണം, കഴിക്കണം, എങ്ങനെ സംസാരിക്കണം, സ്‌കൂളിൽ എന്ത് പഠിക്കണം, ടിവിയിൽ എന്ത് കാണണം എന്നൊക്കെ പറഞ്ഞ് അവർ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. പുതിയ ഇന്ത്യയിൽ നമ്മളെല്ലാം നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് എനിക്കറിയില്ല' തൃണമൂൽ എംപി ചർച്ചയിൽ വ്യക്തമാക്കി.
ചിത്രത്തിലെ ഗാനരംഗത്തിന്റെ പേരിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും കോലംകത്തിച്ച് പ്രതിഷേധം നടന്നിരുന്നു. പത്താൻ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീർ ശിവാജി ഗ്രൂപ്പ് എന്ന സംഘടനയാണ് പ്രതിഷേധിച്ചിരുന്നത്. സിനിമയിലെ ഗാനരംഗത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് പ്രതിഷേധം.'ബെഷറം രംഗ്' എന്ന് തുടങ്ങുന്ന ഗാനരംഗത്തിന്റെ ഉള്ളടക്കത്തിൽ ഹിന്ദു സമൂഹം അസ്വസ്ഥരാണെന്നാണ് സംഘടനയുടെ പരാതി. ഗാനരംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ ചൊല്ലിയാണ് ആരോപണം. അടുത്ത വർഷം ജനുവരിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രം നിരോധിക്കണമെന്ന് ശിവാജി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും പത്താനിലെ ദീപികയുടെ വസ്ത്രധാരണത്തെ വിമർശിച്ചിരുന്നു. പാട്ടിലെ ചില രംഗങ്ങൾ തിരുത്തണം. ഇല്ലെങ്കിൽ മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കണോ എന്ന കാര്യം സർക്കാരിന് ആലോചിക്കേണ്ടിവരുമെന്നും നരോത്തം മിശ്ര പറഞ്ഞു. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ 'തുക്ഡേ തുക്ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു. 2016ൽ ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക എത്തിയ സംഭവമാണ് മന്ത്രി പരാമർശിച്ചത്. പത്താൻ സിനിമ ബഹിഷ്‌കരിക്കണമെന്ന് തീവ്രഹിന്ദുത്വവാദികൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം തുടങ്ങിയിട്ടുണ്ട്. അഞ്ച് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പത്താൻ. ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ 2023 ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക. ആദിത്യ ചോപ്രയാണ് നിർമാണം.
Trinamool Congress MP and actress Nusrat Jahan has criticized BJP leaders' stance on Deepika Padukone's outfit in Shah Rukh Khan's new film 'Pathaan'.