'സാറേ ഒരു ആനയെ ഒപ്പിച്ച് തരാൻ പറ്റുവോ'; തരുൺ മൂർത്തി ചിത്രം 'സൗദി വെള്ളക്ക'യുടെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി

ചിത്രം ഡിസംബർ രണ്ട് മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും

Update: 2022-11-30 15:44 GMT
Advertising

'ഓപ്പറേഷൻ ജാവ'യുടെ വമ്പൻ വിജയത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമായ 'സൗദി വെള്ളക്ക'യുടെ ഔദ്യോഗിക ട്രെയ്‍ലർ പുറത്തിറങ്ങി. വ്യത്യസ്തത നിറഞ്ഞ ആശയം കൊണ്ടും വേറിട്ട പ്രൊമോഷൻ രീതികൾ കൊണ്ടും ഇതിനോടകം തന്നെ വളരെയധികം ജനശ്രദ്ധ നേടിയെടുത്ത ചിത്രം ഡിസംബർ രണ്ട് മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ബിനു പപ്പു, ലുക്മാൻ അവറാൻ, വിൻസി അലോഷ്യസ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ധാരാളം പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 'സാറേ ഒരു ആനയെ ഒപ്പിച്ച് തരാൻ പറ്റുവോ' എന്ന ബിനു പപ്പു അവതരിപ്പിക്കുന്ന കഥപാത്രം ട്രെയിലറിന്റെ അന്ത്യത്തിൽ ചോദിക്കുന്ന രസകരമായ സംഭാഷണം ആണ് ഇപ്പോൾ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറക്കിയത്.

തരുൺ മൂർത്തി തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്ദീപ് സേനൻ ആണ് ഉർവശി തീയേറ്റേഴ്‌സിൻറെ ബാനറിൽ ചിത്ര നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗത്ഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാരാ ചിത്രത്തിൽ ഇത്രയധികം ജൂനിയർ ആർട്ടിസ്റ്റ് അഭിനേതാക്കൾക്ക് ശക്തമായ പ്രാമുഖ്യം ലഭിക്കുന്ന ഒരു ചിത്രം ഒരുങ്ങുന്നത് എന്ന തരത്തിലും ചിത്രം ശ്രദ്ധ നേടുന്നു.

Full View

കഴിഞ്ഞ വാരം ഗോവയിൽ നടന്ന അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രീമിയർ നടന്നിരുന്നു. വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കൗതുകകരമായ കാസ്റ്റിങ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം അഭിഭാഷകർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണതയ്ക്കുവേണ്ടി പൊലീസ് ഓഫീസർമാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടിയിരുന്നു. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനിൽ അഭിഭാഷകർ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇതിലെ കോടതി രംഗങ്ങൾ യാഥാർഥ്യത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന തരത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഹരീന്ദ്രൻ ആണ് ചിത്രത്തിൻറെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാൻസിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ, ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്‌ക്രിപ്റ്റ് അസിസ്റ്റൻറ്: ധനുഷ് വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, വിഎഫ്എക്‌സ് എസെൽ മീഡിയ, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാർക്കറ്റിംഗ്: സ്‌നേക്ക് പ്ലാൻറ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News