തീവ്രവാദിക്കും പറയാനുള്ളത് കേൾക്കണം; എങ്ങനെ തീവ്രവാദിയായെന്ന് അന്വേഷിക്കണം-മാമുക്കോയ

'അബ്ദുന്നാസർ മഅ്ദനി എത്രയോ വർഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലിൽ കിടക്കുകയാണ്. അയാളെ കോടതിയിൽ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കിൽ ശിക്ഷിക്കണം.'

Update: 2023-04-15 08:56 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഭീകരവാദവും തീവ്രവാദവുമായി ഇപ്പോൾ മുസ്‌ലിംകൾ നിരീക്ഷണവലയത്തിലാണെന്ന് നടൻ മാമുക്കോയ. തീവ്രവാദവും വർഗീയവാദവും അങ്ങേയറ്റം എതിർക്കുന്ന മതമാണ് ഇസ്‌ലാം. തീവ്രവാദികൾക്കു പിന്നിലുള്ള പ്രേരണയെന്താണെന്ന് കണ്ടെത്തണം. സമ്പന്നനായൊരു ബിൻലാദൻ അമേരിക്കയിൽ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സഫാരി ടി.വി'യുടെ പ്രത്യേക പരിപാടിയിലാണ് മാമുക്കോയയുടെ അഭിപ്രായപ്രകടനം. തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാൽ ചോദ്യംചെയ്തു ശിക്ഷിക്കണം. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാൽ തൂക്കിക്കൊല്ലലാണ് ശിക്ഷ. അബ്ദുന്നാസർ മഅ്ദനി എത്രയോ വർഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലിൽ കിടക്കുന്നു. അദ്ദേഹത്തെ കോടതിയിൽ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കിൽ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്‌ലിംകൾ നിരീക്ഷണവലയത്തിലാണ്. പലരും ഇതു സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംകൾ അങ്ങനെ ഒരു തീരുമാനമെടുത്ത് ഈ ലോകത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണോ? തീവ്രവാദവും വർഗീയവാദവും അങ്ങേയറ്റം എതിർക്കുന്ന മതമാണ് ഇസ്‌ലാം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ പ്രതിപക്ഷ മര്യാദ കാണിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്. പരസ്പരസ്‌നേഹത്തിലും സമാധാനത്തിലും ജീവിക്കാനും സമാധാനത്തിൽ ജീവിപ്പിക്കാനുമായി പ്രാർത്ഥിക്കുന്ന മതമാണ് ഇസ്‌ലാം.''-മാമുക്കോയ പറഞ്ഞു.

''ഒരു മുസ്‌ലിം മറ്റൊരാളെ കണ്ടാൽ ആദ്യം ചെയ്യുന്നത് 'അസ്സലാമു അലൈക്കും' എന്ന് സലാം കൊടുക്കുകയാണ്. ദൈവത്തിന്റെ സമാധാനം നിങ്ങളിലുണ്ടാകട്ടെ എന്നാണ് അതിനർത്ഥം. ഇത്ര വലിയ സന്ദേശം വഹിക്കുന്നവൻ എങ്ങനെ തീവ്രവാദിയാകും? ആരെ കൊല്ലും? ഏതു രാജ്യത്തെ നശിപ്പിക്കാൻ പോകും? പിന്നെ എങ്ങനെയാണ് ഇവർ ഇസ്‌ലാം തീവ്രവാദമാണെന്നു പറയുക?''

മുസ്‌ലിംകളെ തീവ്രവാദത്തിന്റെ പേരിൽ പലയിടത്തും പിടിച്ചിട്ടതുകൊണ്ടാണ് തീവ്രവാദികളല്ലാത്തവർ പലരും അങ്ങനെയാകുന്നതെന്നും മാമുക്കോയ വിമർശിച്ചു. ഇതിനു പിന്നിൽ രാഷ്ട്രീയ പകപോക്കലും മറ്റുള്ള വിരോധങ്ങളുമെല്ലാമാണുള്ളത്. ബിൻലാദൻ അമേരിക്കയുമായി ശത്രുതയിലായി അവിടെപ്പോയി ബോംബിട്ടു. ഇത്രയും സമ്പന്നനായ, അംഗവൈകല്യമുള്ളൊരു വ്യക്തിയെ അതിനു പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ചിന്തിക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ബിൻലാദൻ ഇതു ചെയ്തു, അയാളെ അമേരിക്ക എന്തു ചെയ്തു, അയാൾ ചെയ്യാനുണ്ടായ കാരണമെന്താണ് എന്നെല്ലാം അന്വേഷിക്കണം. ഒറ്റയടിക്കങ്ങ് എതിർക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഏതു തീവ്രവാദിയായാലും പിടിച്ചുകൊണ്ടുപോകുമ്പോൾ അവർക്കു പറയാനുള്ളതുകൂടി കേൾക്കണം. അവൻ എങ്ങനെ തീവ്രവാദിയായി, എന്താണ് പ്രേരിപ്പിച്ചതെന്നെല്ലാം അറിയണം. ഒരു മതവും സമുദായവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പരസ്പരം സ്‌നേഹത്തോടെയും ഐക്യത്തോടെയും കഴിയാനാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്. പിന്നീട് എങ്ങനെയാണ് തീവ്രവാദം വന്നത്? ഇവരെ ഒരു കോക്കസ് വലിച്ചുകൊണ്ടുപോകുകയാണ്. പല രാജ്യങ്ങളും സംഘടനകളും സമുദായങ്ങളും തമ്മിലുള്ള സ്പർധയുടെ ഭാഗമായാണ് ഇതൊക്കെ നടക്കുന്നത്. പണം കൊടുത്തും മറ്റുമൊക്കെ പലയാളുകളും ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാൽ അവനെ ചോദ്യംചെയ്യുകയും ശിക്ഷിക്കുകയും ചെയ്തുവിടണ്ടേ? അല്ലെങ്കിൽ പരസ്യമായി വെടിവച്ച് കൊല്ലണം. എന്നാൽ, ജയിലിലടച്ച അടുത്ത വർഷം കേൾക്കുന്നത് അവർക്കു ചെലവായ കോടികളുടെ കണക്കാണ്. ഇത് ആരെ ബോധിപ്പിക്കാനാണ്! തടിയന്റവിടെ നസീറിനെ പിടിച്ച് എവിടെയൊക്കെയോ കൊണ്ടുപോയിയിട്ടു. എന്നിട്ട്, അവർക്ക് ചെലവായ കണക്ക് അവതരിപ്പിക്കുകയാണ്. വേറെ രാജ്യത്തുണ്ടോ ഇത്. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാൽ തൂക്കിക്കൊല്ലലാണ് ശിക്ഷ.''

അബ്ദുന്നാസർ മഅ്ദനി എത്രയോ വർഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലിൽ കിടക്കുകയാണ്. അയാളെ കോടതിയിൽ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കിൽ ശിക്ഷിക്കണം. മഅ്ദനിയെയോ മഅ്ദനിയെ പിടിച്ചവരെയോ ന്യായീകരിക്കുകയല്ല ഞാൻ. എത്രയോ വർഷങ്ങൾക്കുമുൻപുള്ള കേസാണിതെന്നും കുറ്റംചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും മാമുക്കോയ കൂട്ടിച്ചേർത്തു.

Summary: ''Muslims are now under surveillance due to terrorism and extremism. Islam is a religion that strongly opposes extremism and communalism. We have to find out what is the motivation behind the terrorists'', Says actor Mamukkoya

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News