മനുഷ്യത്വരഹിതമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്; ഉദയനിധി സ്റ്റാലിന് ഐക്യദാര്‍ഢ്യവുമായി പാ രഞ്ജിത്ത്

നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്‍റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം

Update: 2023-09-06 08:04 GMT
Editor : Jaisy Thomas | By : Web Desk

പാ രഞ്ജിത്ത്/ഉദയനിധി സ്റ്റാലിന്‍

Advertising

ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ താന്‍ പിന്തുണയ്ക്കുന്നതായി രഞ്ജിത്ത് എക്സില്‍ കുറിച്ചു.

''ഉദയനിധി സ്റ്റാലിന് എന്‍റെ ഐക്യദാര്‍ഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്‍റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം. ജാതിയുടെയും ലിംഗത്തിന്‍റെ പേരിലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്. ഡോ. അംബേദ്കര്‍, ഇയോതീദാസ് പണ്ഡിതന്‍, തന്തൈ പെരിയാര്‍, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിവരെല്ലാം തങ്ങളുടെ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന ഹീനമായ സമീപനം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും അപലപിക്കുന്നു. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ ഞാന്‍ പിന്തുണയ്ക്കുന്നു'' പാ രഞ്ജിത്ത് എക്സില്‍ കുറിച്ചു.

ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. സമാന വിഷയത്തില്‍ യുപി പൊലീസും കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News