ബഹിഷ്‌കരണം ഏശിയില്ല; ആദ്യ ദിനം തന്നെ അമ്പത് കോടി ക്ലബ്ബിലേക്ക് പഠാൻ
- ഉച്ചവരെ ചിത്രം 20.35 കോടി രൂപ വാരിക്കൂട്ടിയതായി പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ്
അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് ഷാറൂഖ് ഖാന്റെ വമ്പന്‍ തിരിച്ചുവരവ്. സംഘ്പരിവാർ സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളിക്കളഞ്ഞ ആരാധകർ കിങ് ഖാന്റെ ചിത്രം കാണാൻ കൂട്ടത്തോടെ തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഉച്ചവരെ ചിത്രം 20.35 കോടി രൂപ വാരിക്കൂട്ടിയതായി പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ് പറയുന്നു. ഒന്നാം ദിനം തന്നെ ചിത്രത്തിന്റെ കളക്ഷൻ അമ്പത് കോടിയിലെത്തുമെന്ന് മറ്റൊരു അനലിസ്റ്റ് സുമിത് കദെൽ വ്യക്തമാക്കി. ഇന്ത്യയിൽ 5500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2500 ഇടത്തും. കേരളത്തിൽ 130 തിയേറ്ററിലാണ് റിലീസ് ചെയ്യപ്പെട്ടത്.
റിലീസിന് മുമ്പു തന്നെ 4.19 ലക്ഷം അഡ്വാൻസ് ബുക്കിങ്ങാണ് ചിത്രം നേടിയിരുന്നത്. ബുധനാഴ്ച രാവിലെ ആറു മണിക്കായിരുന്നു പഠാന്റെ ആദ്യ ഷോ. 2018ൽ സീറോ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് ഒരു ഷാറൂഖ് ചിത്രം ബോളിവുഡിൽ റിലീസ് ചെയ്യപ്പെടുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ അബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ബോളിവുഡ് ചിത്രങ്ങൾ തിയേറ്ററിൽ തുടർച്ചയായി പരാജയപ്പെടുന്ന ഘട്ടത്തിലാണ് പഠാൻ അഭ്രപാളിയിലെത്തുന്നത്. ചിത്രത്തിലെ ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച ഓറഞ്ച് ബിക്കിനി നേരത്തെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഹൈന്ദവ സംസ്കാരത്തെ അപമാനിക്കുകയാണ് ചിത്രമെന്നും റിലീസിങ് തടയണമെന്നുമായിരുന്നു സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യം.