'മണ്ടുമ്പോ നോക്കീക്കോളി കുണ്ടിൽ ബീഴാണ്ട്'; റോഡിലെ കുഴികളിൽ പ്രതിഷേധിച്ച് പാത്തുവിന്റെ ഒപ്പന- വീഡിയോ

റോഡിലെ കുഴികൾ വീണ്ടും ചർച്ചയാകുന്നിടത്താണ് പാത്തുവിന്റെ ( സുരഭി ലക്ഷ്മി) പ്രതിഷേധ ഒപ്പനയും ശ്രദ്ധയാകർഷിക്കുന്നത്

Update: 2022-08-14 15:39 GMT
Editor : afsal137 | By : Web Desk
Advertising

മീഡിയവൺ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരിപാടിയാണ് 'എം 80 മൂസ'. റോഡിലെ കുഴികളിൽ പ്രതിഷേധിച്ച് സുരഭി ലക്ഷ്മിയുടെ പാത്തു എന്ന കഥപാത്രം അവതരിപ്പിച്ച ഒപ്പനയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്. തനി മലബാർ ഭാഷയിലുള്ള സുരഭിയുടെ ആലാപന ശൈലിയും ആളുകളിൽ ചിരി പടർത്തുന്നുണ്ട്. റോഡിലെ കുഴികൾ വീണ്ടും ചർച്ചാ വിഷയമാകുന്നിടത്താണ് പാത്തുവിന്റെ പ്രതിഷേധ ഒപ്പന ഒരിക്കൽ കൂടി പ്രത്യക്ഷപ്പെടുന്നത്. നടുവൊടിക്കുന്ന റോഡ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള എപ്പിസോഡിലായിരുന്നു പാത്തു ( സുരഭി ലക്ഷ്മി ) പ്രതിഷേധ ഒപ്പനയുമായെത്തിയത്.

Full View

പ്രതിഷേധ ഒപ്പനപ്പാട്ടിലെ വരികൾ ഇങ്ങനെ- 

ആകെ പൊളിഞ്ഞ് പാളീസായൊരു റോഡ്...ഞമ്മളെ റോഡ്

റോഡിനുള്ള ഫണ്ട് മുക്കി കൊണ്ടുപോയത് മെമ്പറാണ്...

റോഡിലുള്ള കുണ്ടിൽ വീണ് പലരുടെയും നടുവൊടിഞ്ഞ്...പലരുടെയും നടുവൊടിഞ്ഞ്.

നടുവൊടിഞ്ഞതിൽ മുഖ്യൻ മൂസക്കായിയാണ്... നടുവൊടിഞ്ഞ് മൂപ്പര് ഇപ്പോ കിടപ്പിലാണ്...

മെമ്പറുടെ വീടിന്റെ മൊഞ്ച് കൂടി വരുമ്പോൾ ഞമ്മളെ റോഡിൽ കുണ്ടും കുഴിയും കൂടിടുന്നേ...

ഫണ്ട് കൊടുത്തത് പഞ്ചായത്ത്, ഫണ്ട് പറിച്ചത് നമ്മുടെ മെമ്പർ

എല്ലാം, എല്ലാം ഓരോ നമ്പർ

കണ്ടോളിം കുണ്ടിൽ മുഴുവൻ ചളിയും പിളിയും, കുണ്ടിൽ വീണാൽ ഞമ്മളെ ജീവിതം കുണ്ടാമണ്ടിയും

മണ്ടുമ്പോ നോക്കിക്കൂളിം കുണ്ടിൽ ബീഴാണ്ട്... മണ്ടിപ്പാഞ്ഞോടിക്കോളിം കുണ്ടിൽ വീഴാണ്ട്...

പ്രതിഷേധം... പ്രതിഷേധം ഒപ്പന പ്രതിഷേധം...

'ന്നാ താൻ കേസ് കൊട് സിനിമയുടെ പരസ്യത്തിൽ റോഡിലെ കുഴികളെ പരാമർശിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിവാദം ചൂടുപിടിച്ചിരുന്നു. തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന സിനിമയുടെ പരസ്യ പോസ്റ്ററിനെതിരെയാണ് ഇടത് അനുകൂല പ്രൊഫൈലുകൾ വൻ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും അവഹേളിക്കാനുള്ള ശ്രമമാണ് പരസ്യത്തിലെന്നാണ് പ്രധാന വിമർശനം. പരസ്യം പിൻവലിച്ചു മാപ്പുപറഞ്ഞില്ലെങ്കിൽ ചിത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനമുണ്ടായിരുന്നു.

'ദേവദൂതർ പാടി...' ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിലൂടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസ് ദിവസത്തെ സൈബർ ആക്രമണത്തിലൂടെ കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു. എന്നാൽ, കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് എടുക്കണമെന്നായിരുന്നു സൈബർ ആക്രമണത്തോട് നടൻ പ്രതികരിച്ചത്. പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യം, അമർഷം തുടങ്ങിയ കാര്യങ്ങൾ മാറ്റിയിട്ട് ഇതിലെ നന്മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം. ഈ സിനിമയിൽ അതു തന്നെയാണ് കൂടുതലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോൾ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോൾ സമൂഹം കൂടുതൽ ശ്രമിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക.

Full View




Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News