പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
അപ്രതീക്ഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്‍റെ കഥയാണ് 'ചോരന്‍' സിനിമ
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ് കേസ് മുഖ്യപ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എ.എസ്.ഐ സാന്‍റോ തട്ടിലിനെതിരെയാണ് അച്ചടക്ക നടപടി. പ്രവീൺ റാണയെ കേന്ദ്രകഥാപാത്രമാക്കി 'ചോരൻ' എന്ന സിനിമയാണ് സാന്‍റോ സംവിധാനം ചെയ്തത്. തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്ത് പി.ആർ.ഒയായി ജോലി ചെയ്തിരുന്ന സാൻഡോ തട്ടില്‍ നിലവില്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഗ്രേഡ് എ.എസ്.ഐയാണ് .
ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീൺ റാണയുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുത്തതിനും പൊലീസ് വകുപ്പിൽ നിന്ന് അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് നടപടി. തൃശൂർ റേഞ്ച് ഐ.ജിയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സിറ്റി പൊലീസിന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു പ്രവീൺ റാണയെ നായകനാക്കി സാന്‍ഡോ സിനിമയെടുത്തത്.
സിനോജ് അങ്കമാലിയും രമ്യ പണിക്കരും ചേർന്നഭിനയിച്ച സസ്പെൻസ് ത്രില്ലര്‍ ചിത്രമായിരുന്നു 'ചോരൻ'. അപ്രതീക്ഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്‍റെ കഥയാണ് 'ചോരന്‍' സിനിമ.