"നന്മ മരങ്ങളുടെ ഷോ' മാത്രമാണ് മലയാള സിനിമ": വിമര്‍ശനവുമായി ഒമര്‍ ലുലു
"ഒന്ന് കാലിടറിയാൽ മലയാള സിനിമയിൽ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല"
പവര്‍ സ്റ്റാര്‍ സിനിമയിലെ ബാബു ആന്‍റണിയുടെ വിന്‍റേജ് ലുക്ക് ഹിറ്റായതിന് പിന്നാലെ സന്തോഷം പങ്കുവെച്ചും വിമര്‍ശനം ഉന്നയിച്ചും സംവിധായകന്‍ ഒമര്‍ ലുലു. 28 വർഷം മുൻപേയുള്ള ബാബു ആന്‍റണിയുടെ പഴയ ലുക്ക് തിരികെ കൊണ്ടുവന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രമാണെന്നും മേക്കപ്പ് പോലും ചെയ്തിട്ടില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.
നായകന്‍റെ കൈയ്യിൽ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങൾ ചെയ്‌ത് വില്ലനിൽ നിന്ന് ആക്ഷൻ ഹീറോ ആയി കയറി വന്നപ്പോൾ മലയാള സിനിമയിൽ പുതിയ ഫോർമാറ്റ് വന്നു. ഇതിനിടയില്‍ എവിടയോ ഒന്ന് കാലിടറിയപ്പോ ബാബു ആന്‍റണിക്ക് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും പിന്തുണ നല്‍കിയില്ലെന്ന് ഒമര്‍ ലുലു വിമര്‍ശിച്ചു. 'നന്മമരങ്ങളുടെ ഷോ' മാത്രമാണ് മലയാള സിനിമ എന്ന് പറഞ്ഞ ഒമര്‍, ഒന്ന് കാലിടറിയാൽ മലയാള സിനിമയിൽ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ലെന്നും തുറന്നടിച്ചു.
ബാബു ആന്‍റണി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 2020ന്‍റെ ആദ്യ പകുതിയിലാണ് പവര്‍ സ്റ്റാര്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ 'നല്ല സമയം' എന്ന ഒമര്‍ ലുലു സിനിമയുടെ ചിത്രീകരണവും പവര്‍ സ്റ്റാര്‍ ചിത്രീകരണം വൈകാന്‍ കാരണമായി. ലഹരിമരുന്നു മാഫിയയ്ക്കെതിരെയുള്ള നായകന്‍റെ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവയാണ് ലൊക്കേഷനുകള്‍. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പവര്‍ സ്റ്റാറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ ബാബു ചേട്ടന്‍റെ ലുക്ക് നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഒരുപാട് മെസ്സേയ്ജ് വന്നിരുന്നു സന്തോഷം. പക്ഷേ നിങ്ങൾ മനസ്സിലാക്കിയിരിക്കുക മലയാളത്തിൽ പുതിയ ട്രെന്‍റ് കൊണ്ട് വന്ന, 28 വർഷം മുൻപേയുള്ള ബാബു ചേട്ടന്‍റെ പഴയ ലുക്ക് തിരികെ കൊണ്ട് വന്നത് കേവലം ഒരു വിഗ്ഗിലൂടെ മാത്രം കാര്യമായിട്ട് മേക്കപ്പ് പോലും ചെയ്യ്തിട്ടില്ല. നായകന്‍റെ കയ്യിൽ നിന്നും ഇടി കിട്ടിയും, കൂടെ നിന്നും ചെറിയ വേഷങ്ങൾ ചെയ്‌ത് വില്ലനിൽ നിന്ന് ആക്ഷൻ ഹീറോ ആയി കയറി വന്നപ്പോൾ മലയാള സിനിമയിൽ പുതിയ ഫോർമാറ്റ് വന്നൂ. പിന്നീട് എവിടയോ ഒന്ന് കാല്‍ ഇടറിയപ്പോ ബാബു ചേട്ടന് ഒരു നല്ല വേഷം കൊടുത്ത് പോലും ആരും സപ്പോർട്ട് ചെയ്തില്ല. ചുരുക്കി പറഞ്ഞാ പുറത്തെ "നന്മമരങ്ങളുടെ ഷോ" മാത്രമാണ് മലയാള സിനിമ. ഒന്ന് കാല്‍ ഇടറിയാൽ മലയാള സിനിമയിൽ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല.