പടം പരാജയം; 50 കോടി രൂപ തിരികെ നൽകി നടൻ പ്രഭാസ്
കെജിഎഫ് ഫെയിം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കോലാറാണ് പ്രഭാസിന്റെ അടുത്ത സിനിമ
ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം നടൻ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുണ്ടായിരുന്നത്. എന്നാൽ പിന്നീടെത്തിയ സാഹൂ, രാധേ ശ്യാം എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ തകർന്നടിയുന്നതാണ് കണ്ടത്. വലിയ ബജറ്റിൽ ഒരുക്കിയ ചിത്രങ്ങളായിരുന്നു രണ്ടും. ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്റെ നഷ്ടത്തിന് പിന്നാലെ തന്റെ പ്രതിഫലത്തുകയിൽ പകുതിയും തിരിച്ചു നൽകിയിരിക്കുകയാണ് താരം.
അമ്പത് കോടി രൂപ പ്രഭാസ് നിർമാതാക്കൾക്ക് തിരിച്ചു നൽകി എന്നാണ് വിനോദമാധ്യമമായ പിങ്ക് വില്ല റിപ്പോർട്ടു ചെയ്യുന്നത്. സിനിമയിലെ വിക്രം ആദിത്യ എന്ന റോളിന് നൂറു കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ട്. 350 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രമായിരുന്നു രാധാ കൃഷ്ണകുമാർ സംവിധാനം ചെയ്ത രാധേ ശ്യാം. 2022 മാർച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്തത്.
കെജിഎഫ് ഫെയിം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കോലാറാണ് പ്രഭാസിന്റെ അടുത്ത സിനിമ. പൃഥ്വിരാജും ശ്രുതിഹാസനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മിതോളജിക്കൽ സിനിമയായ ആദി പുരുഷും വൈകാതെ റിലീസ് ചെയ്യും. ജൂണിൽ തിയേറ്ററിലെത്തുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് വേഷമിടുന്നത്. കൃതി സനോൻ, സൈദ് അലി ഖാൻ, സണ്ണി സിങ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.