'3ഡി കണ്ട് ത്രില്ലടിച്ചു': ആദിപുരുഷ് ടീസറിനെ കുറിച്ച് പ്രഭാസ്
'ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി. അതിഗംഭീരമായ അനുഭവം'
ആദിപുരുഷ് ടീസര്‍ പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനം ഉയരുന്നതിനിടെ 3ഡി ടീസര്‍ കണ്ട് ആവേശഭരിതനായി നടന്‍ പ്രഭാസ്. ചിത്രത്തിന്‍റെ സൌണ്ട് ഇഫക്റ്റ്, ചില കഥാപാത്രങ്ങളുടെ ചിത്രീകരണം എന്നിവയെ ചൊല്ലിയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. അതിനിടെ പ്രഭാസ് പറഞ്ഞതിങ്ങനെ-
'ഞാൻ ആദ്യമായി 3ഡിയിൽ എന്നെത്തന്നെ കാണുകയായിരുന്നു. ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്നതുപോലെ. എന്റെ ആരാധകർക്കായി ഞങ്ങൾ 60 തിയേറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കും. അവരാണ് ഞങ്ങളുടെ ബലം. അവർ ആദ്യം അത് കാണണം. ടീസറിനെ കുറിച്ച് അവർക്ക് എന്ത് തോന്നുന്നു എന്നത് പ്രധാനമാണ്. നിങ്ങൾക്കെല്ലാവർക്കും [മാധ്യമപ്രവര്‍ത്തകര്‍] ടീസര്‍ ഇഷ്ടമായെന്ന് തോന്നുന്നു, നിങ്ങൾ എല്ലാവരും കൈയടിച്ചല്ലോ". മാധ്യമപ്രവര്‍ത്തകര്‍ക്കായി ആദിപുരുഷ് ടീസര്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരുന്നു പ്രഭാസിന്‍റെ പ്രതികരണം. ഹൈദരാബാദിലെ എഎംബി സിനിമാസിലായിരുന്നു ടീസര്‍ പ്രദര്‍ശനം.
യൂട്യൂബ് വഴി റിലീസ് ചെയ്ത ആദിപുരുഷിന്‍റെ 2ഡി ടീസറിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമുണ്ടായി. നിലവാരമില്ലാത്ത വി.എഫ്.എക്സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെയുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. മൊബൈല്‍ സ്ക്രീനില്‍ കണ്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും വലിയ സ്ക്രീനിലേക്കായി നിര്‍മിച്ച 3ഡി സിനിമയാണിതെന്നും സംവിധായകന്‍ വിശദീകരിച്ചു. സിനിമ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുണ്ട്. സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രീകരണം ദൈവ സങ്കൽപ്പങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലാണെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ സത്യേന്ദ്ര ദാസ് ആരോപിച്ചു. സിനിമ നിർമിക്കുന്നത് കുറ്റകരമല്ല. എന്നാൽ ബോധപൂർവമായ വിവാദങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാൻ സിനിമയെടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.പി ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പതക്കും സിനിമയുടെ ടീസറിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഹിന്ദു മതത്തിലെ ദൈവങ്ങളോടുള്ള അനാദരവാണ് ടീസറെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബ്രജേഷ് പതക്ക് പറഞ്ഞു. സന്യാസിമാർ എന്തു പറഞ്ഞാലും ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമകൾ പലപ്പോഴും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സംസ്കാരം ആക്രമിക്കപ്പെട്ടപ്പോഴെല്ലാം നമ്മുടെ സംസ്കാരത്തെ സംരക്ഷിച്ചത് ഇവിടുത്തെ സന്യാസിമാരാണ്. നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കുന്നതായും ബ്രജേഷ് കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ടീസര്‍ കണ്ടില്ലെന്ന് പറഞ്ഞ കേശവ് മൗര്യ, സിനിമ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രേക്ഷകരിലേക്ക് എത്തും മുമ്പ് തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
ടീസറില്‍ രാമ, രാവണ, ലക്ഷ്മണ കഥാപാത്രങ്ങളെ കാണിച്ചത് ഹിന്ദു മതത്തെ അവഹേളിക്കുന്ന തരത്തിലാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വി.എച്ച്.പി വ്യക്തമാക്കി. സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വി.എച്ച്.പി ഭീഷണി മുഴക്കി.
രാമായണത്തെ ആസ്പദമാക്കി 500 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രഭാസ് രാമനായും സെയ്ഫ് അലിഖാന്‍ രാവണനായും എത്തുന്നു. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. അടുത്ത വര്‍ഷം ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്തത്.