'പ്രേം നസീറിന്റെ വീട് വിൽപ്പനയ്ക്ക്' എന്ന മാധ്യമ വാർത്ത തെറ്റ്: താരത്തിന്റെ ഇളയ സഹോദരി

പ്രേം നസീറിന് ജന്മ നാട്ടിൽ സ്മാരകം ഒരുക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും താരത്തിന്റെ ഇളയ സഹോദരി പരാതിപ്പെട്ടു

Update: 2022-04-24 12:05 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീട് വിൽപ്പനയ്ക്ക് എന്ന മാധ്യമ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി താരത്തിന്റെ ഇളയ സഹോദരി അനീസ ബീവി. മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ലെന്നും അനീസ ബീവി പറഞ്ഞു. വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് അവരുടെ പ്രതികരണം.

വീട് കാട് കയറിയ നിലയിൽ ആണെന്ന് വാർത്തയിൽ പറയുന്നതും അസത്യമാണ്, പ്രേംനസീറിന് ഇളയമകൾ റീത്തയുടേതാണ് വീട്, റീത്തയോട് ഫോണിൽ താൻ വിവരം തിരക്കിയപ്പോൾ അവർ ആരും തന്നെ ഇത്തരത്തിൽ വാർത്ത നൽകിയതായി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്, വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിൻകീഴിലെ വീടുവിൽക്കാൻ ആലോചിച്ചിരുന്നു, എന്നാൽ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്, ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചുവെന്നും സർക്കാരിന് ആവശ്യമെങ്കിൽ ഈ തുക നൽകി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.

പ്രേംനസീർ ജീവിച്ചിരുന്നപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളേയും കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്, എന്നാൽ പ്രേം നസീറിന് ജന്മ നാട്ടിൽ ഒരു സ്മാരകം ഒരുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും അനീസ ബീവി കുറ്റപ്പെടുത്തി. അതേസമയം, വീടും സ്ഥലവും സൗജന്യമായി തന്നാൽ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. വിലയ്‌ക്കെടുക്കുന്നത് സർക്കാർ കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേംനസീറിന്റെ ഇളയ മകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 'ലൈല കോട്ടേജ്'. 1956 ലാണ് പ്രേം നസീർ ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതോടയാണ് വിൽക്കാൻ തീരുമാനിച്ചതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്. മലയാളികളുടെ ഇഷ്ടതാരം പ്രേം നസീർ വിട പറഞ്ഞിട്ട് മുപ്പത് വർഷം പിന്നിട്ടെങ്കിലും വീട് സന്ദർശിക്കാൻ നിത്യേന നിരവധിയാളുകളാണ് എത്തുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News