'അമ്മുമ്മ കോട്ടയംക്കാരി, പാതി മലയാളി, മിന്നല്‍ മുരളി കണ്ടിഷ്ടപ്പെട്ടു'; നെറ്റ്ഫ്ലിക്സിനും മുമ്പേ ജിയോ മാമിയില്‍ ചിത്രം പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര
മുരളി എന്നു പേരായ ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ മിന്നല്‍ മുരളിയില്‍ അവതരിപ്പിക്കുന്നത്.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിനും മുന്നേ പ്രേക്ഷകരിലേക്ക്. റിലീസിനും മുന്നേ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇതിന്‍റെ പ്രഖ്യാപനം ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നടത്തി. തന്‍റെ അമ്മുമ്മ കോട്ടയംകാരിയാണെന്ന് പറഞ്ഞ പ്രിയങ്ക താന്‍ പാതിമലയാളിയാണെന്നും പറഞ്ഞു. മിന്നല്‍ മുരളി കണ്ടിഷ്ടപ്പെട്ടെന്ന് പറഞ്ഞ പ്രിയങ്ക ചിത്രത്തിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെ ലഭിക്കട്ടെയെന്നും ആശംസിച്ചു.
സംവിധായകന്‍ ബേസില്‍ ജോസഫ്, നടന്‍ ടൊവിനോ തോമസ്, സംവിധായകയും ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ സ്മൃതി കിരണ്‍ എന്നിവരുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് പ്രിയങ്ക ചിത്രത്തെ കുറിച്ച് വാചാലയായത്. കേരളത്തിലെ ഒരു ഗ്രാമമാണ് മിന്നല്‍ മുരളിയുടെ പശ്ചാത്തലമെങ്കിലും ലോകത്തെവിടെയുള്ള പ്രേക്ഷകനും ചിത്രം ആസ്വദിക്കാന്‍ പറ്റുമെന്നും ബേസില്‍ ജോസഫ് പറഞ്ഞു. ചിത്രത്തെ ലോകവ്യാപക പ്രേക്ഷരെ സമ്മാനിക്കുന്ന നെറ്റ്ഫ്ലിക്സിന് ടൊവിനോയും ബേസിലും നന്ദിയും അറിയിച്ചു.
മുരളി എന്നു പേരായ ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.