സഹായിക്കൂ, കോവിഡിൽ ഇന്ത്യയ്ക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് നടി പ്രിയങ്ക ചോപ്ര
തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഒരു ലക്ഷം പേർ പത്ത് ഡോളർ മാത്രം നൽകിയാൽ ഒരു ദശലക്ഷം ഡോളറാകുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് രോഗികൾക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 'ഇന്ത്യ എന്റെ വീടാണ് എന്നും അതിന്റെ ചോരയൊലിക്കുന്നു' എന്നും ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ പ്രിയങ്ക പറഞ്ഞു. ജോലിയുടെ ഭാഗമായി നിലവിൽ ലണ്ടനിലാണ് ഇവർ.
ഇന്ത്യയിലെ ഓക്‌സിജൻ പ്രതിസന്ധി, ആശുപത്രി ബെഡുകളുടെ കുറവ്, മരുന്നുകളുടെയും വാക്‌സിനുകളുടെയും കുറവ് എന്നിവയെ കുറിച്ച് വീഡിയോയിൽ പ്രിയങ്ക സംസാരിക്കുന്നുണ്ട്. 'ഞാൻ ലണ്ടനിലിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലുള്ള കുടുംബവും സുഹൃത്തുക്കളും ഇന്ത്യയിലെ ആശുപത്രികളെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. അവിടെ റൂമുകളും ഐസിയും ഒഴിവില്ല. ആംബുലൻസുകൾ തിരക്കിലാണ്. ഓക്‌സിജൻ വിതരണം കുറവാണ്. ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു' - അവർ പറഞ്ഞു.
'ഇന്ത്യയെന്റെ വീടാണ്. അതിന്റെ ചോരയൊലിക്കുന്നു. നമ്മൾ, ആഗോള സമൂഹം ഇന്ത്യയ്ക്ക് പരിരക്ഷ നൽകേണ്ടതുണ്ട്. എല്ലാവരും സുരക്ഷിതരല്ല എങ്കിൽ നമ്മളാരും സുരക്ഷിതരല്ല' - അവർ കൂട്ടിച്ചേർത്തു. ഭർത്താവ് നിക് ജോനാസും പ്രിയങ്കയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ടുഗദർ ഫോർ ഇന്ത്യ എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
തന്നെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഒരു ലക്ഷം പേർ പത്ത് ഡോളർ മാത്രം നൽകിയാൽ ഒരു ദശലക്ഷം ഡോളറാകുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു വളരെ വലുതാണ്. നിങ്ങളുടെ സംഭആവന കോവിഡ് കെയർ സെന്ററുകൾ, ഐസൊലേഷൻ കേന്ദ്രങ്ങൾ, ഓക്‌സിജൻ വിതരണം തുടങ്ങിയ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾക്കാണ് വിനിയോഗിക്കുക- അവർ വ്യക്തമാക്കി.