'ചേച്ചീ.. തരാനുള്ള ബാലന്‍സ് പൈസ എനിക്കു വേണ്ട, എത്ര നിർബന്ധിച്ചാലും വാങ്ങില്ല'; എടക്കാട് ബറ്റാലിയന്‍ പരാജയപ്പെട്ടപ്പോള്‍ സംയുക്ത പറഞ്ഞു: നിര്‍മാതാവ് സാന്ദ്ര തോമസ്

ഈയിടെ പേരിലെ ജാതിവാല്‍ സംയുക്ത എടുത്തുകളഞ്ഞിരുന്നു

Update: 2023-03-01 07:56 GMT
Editor : Jaisy Thomas | By : Web Desk

സംയുക്ത മേനോന്‍

Advertising

മലയാളം കൂടാതെ അന്യഭാഷകളിലും തിളങ്ങുന്ന നടിയാണ് സംയുക്ത മേനോന്‍. ഈയിടെ പേരിലെ ജാതിവാല്‍ സംയുക്ത എടുത്തുകളഞ്ഞിരുന്നു. ഇതിന്‍റെ പേരില്‍ നടി ട്രോളുകള്‍ക്കും ഇരയായി. നടന്‍ ഷൈന്‍ ടോം ചാക്കോ സംയുക്തയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. താന്‍ നിര്‍മിച്ച എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ സംയുക്ത കൊടുക്കാനുണ്ടായിരുന്ന ബാലന്‍സ് തുക പോലും വാങ്ങിയില്ലെന്ന് സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

സാന്ദ്ര തോമസിന്‍റെ കുറിപ്പ്

പന്ത്രണ്ട് വർഷത്തെ എന്‍റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട്‌ ബറ്റാലിയൻ സിനിമക്കു മുൻപ്‌ 8 ചിത്രങ്ങളും അതിന്‌ ശേഷം രണ്ട്‌ ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമാതാവാണ് ഞാൻ. എടക്കാട്‌ ബറ്റാലിയൻ സിനിമയിൽ നായികയായി തീരുമാനിച്ചത് സംയുക്തയെ ആയിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ആദ്യമായി ആ കുട്ടിയെ ഞാൻ കാണുന്നത്. പിന്നീട് ഷൂട്ട് തുടങ്ങി ഒരു 20 ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കാൾ. ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ കല്യാണത്തിന്‍റെ സീനിലേക്കു എനിക്കൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വെച്ച് തരാമോ . അത് നമ്മുടെ സിനിമക്കും ഗുണം ചെയ്യുന്ന കാര്യം ആയതുകൊണ്ട് ഉടനെ തന്നെ ഞാൻ ഓക്കേ പറഞ്ഞു .

രണ്ട്‌ ദിവസം കഴിഞ്ഞു ലൊക്കേഷനിൽ ചെന്നപ്പോൾ സംയുക്ത എന്നോട് പറഞ്ഞു ഇന്ന് എന്‍റെ gratitude ബുക്കിൽ ഞാൻ ചേച്ചിക്കാണ്‌ നന്ദി എഴുതിയിരിക്കുന്നത് . എന്നെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതം ആയിരുന്നു, കാരണം ഒരു നിർമാതാവെന്ന എന്ന നിലയിൽ ആദ്യമായി നന്ദി കിട്ടിയ ഒരനുഭവം ആയിരുന്നു. സാധാരണ എന്ത് ചെയ്ത് കൊടുത്താലും അതെല്ലാം നിർമാതാവിന്‍റെ കടമയായി മാത്രമേ എല്ലാരും കാണു. അന്നേ ദിവസം ഞാനും ആ കുട്ടിയെ നന്ദിയോടെ ഓർത്തു.

മാസങ്ങൾ കഴിഞ്ഞു സിനിമ റിലീസിനോട് അടുത്തു. നിശ്ചയിച്ചു ഉറപ്പിച്ച ശമ്പളത്തിന്‍റെ 65% മാത്രമേ സംയുക്തക്കു കൊടുക്കാൻ സാധിച്ചിട്ടുള്ളു. ഞാൻ സംയുക്തയെ വിളിച്ചു കുറച്ചു സമയം ആവശ്യപ്പെട്ടു . ഒരു മടിയും പറയാതെ അതിനെന്താ ചേച്ചി നമ്മുടെ സിനിമയല്ലേ കുഴപ്പമില്ല എന്നായിരുന്നു മറുപടി. സിനിമ റിലീസായി രണ്ടാമത്തെ ദിവസം സംയുക്ത എനിക്കൊരു മെസ്സേജ്‌ അയച്ചു . ചേച്ചി നമ്മുടെ സിനിമ അത്ര വിജയിച്ചില്ല എന്നെനിക്കറിയാം ചേച്ചിക്ക് സാമ്പത്തികമായി നമ്മുടെ സിനിമ ഗുണം ചെയ്തിട്ടുണ്ടാവില്ല അതുകൊണ്ടു എനിക്ക് തരാനുള്ള ബാലൻസ് പൈസ എനിക്ക് വേണ്ട . ചേച്ചി എത്ര നിർബന്ധിച്ചാലും അത് ഞാൻ വാങ്ങില്ല . നമ്മുക്ക് അടുത്തൊരു അടിപൊളി പടം ഒരുമിച്ചു ചെയ്യാം .ആ കുട്ടിയുടെ വലിയ മനസിന് മുന്നിൽ എനിക്ക് തലകുനിക്കേണ്ടി വന്നു. മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്.

പടം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ഒരുപോലെ affect ചെയ്യുന്നത് നിർമാതാവിന് മാത്രമായിരിക്കും . കാരണം പരാജയം ആണെങ്കിൽ എല്ലാവരും അവനവന്‍റെ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും. ഒരു വർഷം മുന്നൂറിൽ കൂടുതൽ ചിത്രങ്ങൾ ഇറങ്ങുന്ന കേരളത്തിൽ വിജയിക്കുന്നത് വെറും 5% ചിത്രങ്ങൾ മാത്രമാണ്. ഇതിന്‍റെയൊക്കെ നിർമാതാക്കളെ നിലനിർത്തി കൊണ്ടുപോകാൻ ഇതുപോലെയുള്ള നടീനടന്മാർ മലയാളസിനിമക്ക് ആവശ്യമാണ്. ഇത് എന്‍റെ ഒരു അനുഭവം ആണ്....ഇപ്പോൾ പറയണമെന്ന് തോന്നി പറഞ്ഞു അത്രേ ഉള്ളൂ. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News