പാട്ടില്‍ ബീഫ്, സബ് ടൈറ്റിലില്‍ ബിഡിഎഫ്; നെറ്റ്ഫ്ലിക്സിന് ആരെയാണ് പേടി? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം
നീരജ് മാധവ് പാടിയ മലയാളം റാപ്പിന്‍റെ സബ് ടൈറ്റിലിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്
നമ്മ സ്റ്റോറീസ്, ദി സൌത്ത് ആന്തം എന്ന പേരില്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മ്യൂസിക് വീഡിയോയിലെ സബ് ടൈറ്റിലിനെതിരെ വിമര്‍ശനം. സൌത്ത് ഇന്ത്യന്‍ റാപ്പേഴ്സായ അറിവ്, നീരജ് മാധവ്, സിറി, ഹനുമാന്‍കൈന്‍റ് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ആല്‍ബത്തിലെ നീരജ് മാധവ് പാടിയ മലയാളം റാപ്പിന്‍റെ സബ് ടൈറ്റിലിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്.
പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത് എന്ന് നീരജ് പാടുന്നതിന് സബ് ടൈറ്റിലില്‍ ബീഫിന് പകരം ബി.ഡി.എഫ് എന്നാണ് ഇട്ടിരിക്കുന്നത്. ബീഫ് എന്ന് സബ്‌ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന ചോദ്യം.
തങ്ങള്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കാണിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് പാട്ടൊക്കെ ഉണ്ടാക്കിയത്. പക്ഷേ ഈ ഭാഗമെത്തിയപ്പോള്‍ തൃപ്തിയായി. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പക്ഷേ രണ്ട് സബ്‌ടൈറ്റിലിലും അത് ബിഡിഎഫ് ആണ്. വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്‌ളിക്‌സേ നിന്‍റേത്. എന്നാണ് വന്ന ഒരു കമന്‍റ്. 'ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്‌ളിക്‌സ് ഏമാന്മാരേ, സബ്‌ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോയെന്നാണ് മറ്റൊരു കമന്‍റ്.