'രാമായണത്തെയും രാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദു സേനയുടെ പൊതുതാൽപര്യ ഹരജി
ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ചിത്രം ത്രീഡിയിലാണ് ഇന്ന് തിയറ്ററുകളിലെത്തിയത്
ഡല്‍ഹി: ആദിപുരുഷ് സിനിമയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമര്‍പ്പിച്ചു. ഹിന്ദു സേന എന്ന സംഘടനയാണ് ഹരജി നൽകിയത്. രാമായണത്തെയും രാമനെയും സംസ്‌കാരത്തെയും പരിഹസിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരുടെ പരാതി. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ചിത്രം ത്രീഡിയിലാണ് ഇന്ന് തിയറ്ററുകളിലെത്തിയത്.
700 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന വിശേഷണത്തോടെയാണ് ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയിൽ പ്രഭാസ് ശ്രീരാമനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു.ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ പ്രൊജക്ടാണ് ആദിപുരുഷ്.
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം റിലീസിന് മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. സിനിമ കാണാൻ ഹനുമാനെത്തും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്. ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്ന് വിവിധ തിയറ്ററുകളില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.