കരഞ്ഞു കരഞ്ഞ് ശബ്ദമൊന്നുമില്ല; പത്താംവളവ് കണ്ട പൂര്‍ണിമയുടെ പ്രതികരണം
സുരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും അതിഥിയുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്
സുരാജ് വെഞ്ഞാറമ്മൂട്, അതിഥി രവി, ഇന്ദ്രജിത്ത് എന്നിവര്‍ ഒരുമിച്ച ഫാമിലി ത്രില്ലര്‍ ചിത്രം പത്താം വളവ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. എം.പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. സുരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും അതിഥിയുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
സിനിമ കണ്ട മറ്റു താരങ്ങള്‍ക്കും പത്താംവളവിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. ചിത്രം കണ്ട് കരഞ്ഞു കരഞ്ഞ് ശബ്ദമൊന്നുമില്ലെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു. ഇന്ദ്രജിത്തിനൊപ്പമാണ് പൂര്‍ണിമ സിനിമക്കെത്തിയത്. ''നമ്മുടെ ഇമോഷൻസ് എല്ലാം രജിസ്റ്റർ ചെയ്ത ഒരു സിനിമ കാണാൻ പറ്റിയിട്ട് കുറച്ചു കാലമായി. ഒരു ഫാമിലി സിനിമ എന്നു പറയുമ്പോൾ ഫാമിലി ഡൈനാമിക്സ് അതിനകത്ത് വരണം. റിലേഷൻഷിപ്പ് വർക് ചെയ്യണം. സുരാജേട്ടന്റെയും ഇന്ദ്രന്റെയും മൊമന്റ്‌സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്തിരിക്കുന്ന കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര്‍ തമ്മിലുള്ള ബോണ്ടിങ്ങ് അല്ലെങ്കിൽ റിലേഷന്‍ഷിപ്പ് അവിടെ ഒക്കെ സൈലൻസ് ആണ് വർക് ചെയ്തിരിക്കുന്നത്''. അതിഥിയെയും വളരെയധികം ഇഷ്ടപ്പെട്ടെന്നും കാരണം ഒരു അമ്മയെന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും ഒരു ഫന്‍റാസ്റ്റിക് വർക്ക് ആണ് അതിഥി ചെയ്തതെന്നും തിയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അതിഥിയോട് ഇക്കാര്യം പറഞ്ഞെന്നും പൂർണിമ പറഞ്ഞു. എല്ലാവരും ഈ സിനിമ കാണണമെന്നും അത്രയ്ക്കും ബ്യൂട്ടിഫുൾ ആയ സിനിമയാണ് ഇതെന്നും പൂർണിമ പറഞ്ഞു.
ആകാശദൂതിനു ശേഷം തന്നെ ഏറ്റവും കൂടുതല്‍ കരയിച്ച സിനിമയാണ് പത്താം വളവെന്ന് മെന്‍റലിസ്റ്റ് നിപിന്‍ നിരവത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ''ഞാൻ 1993 ൽ ആകാശദുത് കാണുമ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഇന്ന് 2022 ൽ പത്താംവളവ് കണ്ടിറങ്ങുമ്പോൾ എന്‍റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ഒരു സിനിമ കണ്ട് കരയാൻ തോന്നിയാൽ അത് Actor, Director, RR, script ..etc എല്ലാം പരപൂരകമാകുമ്പോൾ സംഭവിക്കുന്ന നല്ല നിമിഷങ്ങൾ ആണ് ഗംഭീര സിനിമ'' എന്നായിരുന്നു നിപിന്‍റെ കുറിപ്പ്.
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്‍റെ തിരക്കഥ. അജ്മല്‍ അമീര്‍, ബിനു അടിമാലി, ജയകൃഷ്ണന്‍, മേജര്‍ രവി, സ്വാസിക, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മുക്തയുടെ മകളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.