എഞ്ചിനിയറിങ് ചോദ്യപ്പേപ്പറിലും മിന്നൽ തരംഗം
''ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട് ' എന്ന് കുറിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫ് ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
സിനിമയിൽ വിസ്മയം തീർത്തതിന് പിന്നാലെ മിന്നൽ മുരളി ബോളിവുഡ്- ക്രിക്കറ്റ് സ്റ്റാറുകൾക്കിടയിലും തരംഗമായിരുന്നു . ഇപ്പോഴിതാ എഞ്ചിനീയറിങ് കോളേജിലെ ചോദ്യപ്പേപ്പറിലും മിന്നൽ മുരളിയും ജോസ്‌മോനും സ്ഥാനം പിടിച്ചിരിക്കുന്നു.
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ പേപ്പറിലാണ് മിന്നൽ മുരളിയും കുറുക്കൻമൂലയും എത്തുന്നത്. സമുദ്രനിരപ്പിലെ സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോവുകയായിരുന്നു മിന്നൽ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവൻ ജോസ്മോൻ പറയുന്നത്. എന്നാൽ അങ്ങനെ സാധ്യമല്ലെന്നു മിന്നൽ മുരളി വാദിച്ചു.. എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത് ഇതിന്റെ താഴെ മറ്റു ഉപചോദ്യങ്ങളുമുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങൾ ഉള്ളത്. ഇതിൽ പാർട്ട് എയിലും ബിയിലും മിന്നൽ മുരളിയും കുറുക്കൻമൂലയും ഷിബുവും ഒക്കെയാണ് താരങ്ങൾ.
''ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട് ' എന്ന് കുറിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫ് ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ബേസിലിന്റെ പോസ്റ്റിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. "ഇനി ഓരോ ചോദ്യത്തിനും 15 മാർക്കിനുള്ള ഉത്തരോം കൂടി എഴുതി ഇട്. കാണട്ടെ പഴേ എന്ജിനീറിങ് വിദ്യാർത്ഥിയുടെ പവർ", "സംവിധായകൻ എന്ന നിലയ്ക്കും CET എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലും ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബേസിൽ ജോസഫ് ബാധ്യസ്ഥനാണ്", "പണ്ട് സിനിമാ കഥ ഉത്തര പേപ്പറിൽ എഴുതിയാൽ കളിയാക്കുമായിരുന്നു… ഇപ്പോ എങ്ങനിരിക്കണ്" എന്നൊക്കെയാണ് കമന്റുകൾ.