' കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ശക്തമായ സിനിമ'; അപ്പൻ' സിനിമയെ പ്രശംസിച്ച് രഘുനാഥ് പലേരി

സണ്ണിവെയ്‌നും അലൻസിയറും പ്രധാന വേഷത്തിലെത്തുന്ന 'അപ്പൻ' സംവിധാനം ചെയ്തിരിക്കുന്നത് മജുവാണ്‌

Update: 2022-04-04 09:10 GMT
Editor : Lissy P | By : Web Desk
Advertising

മജു സംവിധാനം ചെയ്ത് സണ്ണി വെയ്ൻ-അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അപ്പൻ' സിനിമയുടെ പ്രിവ്യു ഷോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി സിനിമയെ പ്രശംസിച്ച് രംഗത്തെത്തി.' കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ശക്തമായ സിനിമ' എന്നാണ്  രഘുനാഥ് പലേരി സിനിമയെ കുറിച്ച് പറഞ്ഞത്. സിനിമ ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂർച്ചയുള്ള അനുഭവമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

രഘുനാഥ് പാലേരി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വായിക്കാം..

'കുപ്പിച്ചില്ലിന്റെ മൂർച്ചയുള്ള ഒരു സിനിമ കണ്ടു. പേര് അപ്പൻ. സംവിധാനം മജു. ആർ ജയകുമാറും മജുവും ചേർന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂർച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്‌നും, എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലൻസിയറും. ആദ്യമായാണ് സിനിമയിൽ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊർന്നൂന്ന് മുറിക്കുന്നൊരു ഈർച്ചവാൾ സിനിമ. ഒരിടത്തും അശേഷം ഡാർക്കല്ലാത്തൊരു സിനിമ. വരുമ്പോൾ കാണുക. വ്യത്യസ്ഥമായ സിനിമകൾ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.' 

Full View

'അപ്പൻ' സിനിമയുടെ ടീസർ ഇതിനകം തന്നെ ശ്രദ്ധ നേടികഴിഞ്ഞിട്ടുണ്ട്. അരക്ക് കീഴെ തളർച്ച ബാധിച്ച് കട്ടിലിൽ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നിൽക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം. പൊതുവേ ഇത്തരം സിനിമകളിൽ ഏറ്റവും നെഗറ്റീവ് ഷേഡുള്ള കുടുംബത്തിന് അങ്ങേയറ്റം ശല്യമായ ഒരു അപ്പന്റെ വേഷമാണ് ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം തന്നെ ചെയ്യുന്ന അലൻസിയറുടേത്. സണ്ണി വെയ്‌നും ഗ്രെയ്സ് ആന്റണിയും മക്കളുടെ വേഷവും, അനന്യയും വിജിലേഷും മരുമക്കളുടെ വേഷവും ചെയ്യുന്ന ചിത്രത്തിൽ പോളി വത്സൻ അലൻസിയറുടെ ഭാര്യയുടെ വേഷം ചെയ്യുന്നു. പുതുമുഖ താരമായ രാധിക രാധാകൃഷ്ണനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമാണ് പുലർത്തുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ജോസ്‌കുട്ടി മഠത്തിൽ രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവർ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ മജുവും ആർ ജയകുമാറുമാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നത് പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ചു. അൻവർ അലിയും വിനായക് ശശികുമാറും ചേർന്ന് ഒരുക്കിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം: കൃപേഷ് അയ്യപ്പൻകുട്ടി, ചമയം: റോണക്സ് സേവിയർ. ടൈറ്റിൽ: ഷിന്റോ, ഡിസൈൻസ്; മുവീ റിപ്പബ്ലിക്, പി ആർ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എം. ആർ. പ്രൊഫഷണൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News