'എന്തപ്പാ... വെറും താടിവടീം അമ്പട്ടപ്പണീം'; മഴവില്‍ക്കാവടിയെക്കുറിച്ച് ആ കടക്കാരന്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവച്ച് രഘുനാഥ് പലേരി

ഇപ്പോഴും മഴവിൽക്കാവടിയെ ആരെങ്കിലും ആശീർവദിച്ചു സംസാരിക്കുമ്പോൾ ആ ഹൃദയം തുറന്ന നിരൂപണം ഓർമ്മയിൽ വരും

Update: 2021-08-11 05:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയിലൂടെ മലയാള ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. സത്യന്‍ അന്തിക്കാടുമൊത്തു നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് 1989ല്‍ പുറത്തിറങ്ങിയ മഴവില്‍ കാവടി. ജയറാം, സിതാര, ഉര്‍വ്വശി, ഇന്നസെന്‍റ് എന്നിവര്‍ അഭിനയിച്ച ചിത്രം അക്കാലത്തെ ഹിറ്റുസിനിമകളിലൊന്നായിരുന്നു. ഇപ്പോള്‍ ചിത്രം റിലിസായ സമയത്തെ ഒരു ഓര്‍മ പങ്കുവച്ചിരിക്കുകയാണ് രഘുനാഥ് പലേരി.

രഘുനാഥ് പലേരിയുടെ കുറിപ്പ്

മഴവിൽക്കാവടി റിലീസായ ദിവസം. കോഴിക്കോട് രാധാ തിയറ്ററിൽ ആദ്യ മാറ്റിനിക്ക് ചെന്നു. വരിനിന്നു. അത്യാവശ്യം തിരക്കുണ്ട്. താഴ മധ്യത്തിലുള്ള ഇരിപ്പിടങ്ങളിലൊന്നിനുള്ള ടിക്കറ്റാണ് എടുത്തത്. ചുറ്റുമുള്ള ആളുകളുടെ ബഹളവും കയ്യടിയും കൂവിവിളിയും ആസ്വദിക്കാൻ പറ്റിയ സ്ഥലം തിയറ്ററിന്‍റെ മധ്യഭാഗമാണ്. കാവടി തുടങ്ങി. ഏതാണ്ട് മുക്കാൽ ഭാഗത്തോളം നിറഞ്ഞു നിന്ന ആളുകളിൽ അവിടവിടെ നിന്നും ചിരികൾ ഉയർന്നു. സീറ്റുകൾ കുലുങ്ങാൻ തുടങ്ങി. പാട്ടുകളിൽ താളം പിടി ഉയർന്നു. കുഞ്ഞിക്കാദർ നാട്ടിലേക്ക് കോട്ടും ധരിച്ച് വരുന്ന ഷോട്ട് കണ്ടതും ഒരു ചിരിത്തിര എനിക്കു മുകളിലൂടെ കടന്നു മാറി. ഒടുക്കം കളരിക്കൽ ശങ്കരൻകുട്ടി മേനോന്‍ അവർകളുടെ താടികൂടി വേലായുധൻ കുട്ടി വടിച്ചെടുത്തു കഴിഞ്ഞതോടെ ഞാൻ പുറത്തിറങ്ങി.

രാധാ തിയറ്ററിന്നു നേരെ മുന്നിൽ ധാരാളം മാസികകളും വാരികകളും പത്രങ്ങളും വിൽക്കുന്ന ഒരു പത്രക്കടയുണ്ട്. ഏട്ടന്‍റെ ചങ്ങാതിയും കൂടിയാണ് അദ്ദേഹം. സൌമ്യനായ മനുഷ്യൻ. എന്നെ അറിയുമെങ്കിലും കാവടി എൻറെതാണെന്ന് അറിയാത്ത ഒരു നല്ല മനുഷ്യൻ. ഇൻഡസ്ട്രിയൽ ടൈസ് എന്ന മാസിക ഏട്ടനു വേണ്ടി വാങ്ങണം. അത് വാങ്ങുന്ന സമയത്തിനിടയിൽ കാവടി കണ്ടിറങ്ങിയ ആൾക്കൂട്ടത്തിൽ നിന്നും ചിലർ ആ കടയിലേക്ക് വന്നു. സിഗററ്റും മിഠായിയും വാങ്ങി കത്തിക്കുന്നതിനും നുണയുന്നതിനും ഇടയിൽ കടക്കാരൻ കൌതുകത്തോടെ അവരിൽ ഒരാളോട് ചോദിച്ചു. "എങ്ങിനുണ്ട് പടം..?" അയാൾ സത്യസന്ധമായി അയാൾ കണ്ട സിനിമ പറഞ്ഞു. "എന്തപ്പാ... വെറും താടിവടീം അമ്പട്ടപ്പണീം. " കേട്ട താമസം അവിടെ നിന്നും സ്ക്കൂട്ട് ചെയ്ത് പിന്നെ പൊങ്ങിയത് വീട്ടിലാണ്. ഇപ്പോഴും മഴവിൽക്കാവടിയെ ആരെങ്കിലും ആശീർവദിച്ചു സംസാരിക്കുമ്പോൾ ആ ഹൃദയം തുറന്ന നിരൂപണം ഓർമ്മയിൽ വരും. അതും മഴവിൽ കാവടിക്ക് ലഭിച്ച ഒരവാർഡായിരുന്നു. എന്നാൽ എനിക്കും സത്യനും ഇപ്പോൾ ഒരതിമനോഹര അവാർഡാണ് ശ്രീ സുബ്രമണ്യൻ സുകുമാരൻറെ മകൻ ശ്രീശ്വേതേശ്വറിൽ നിന്നും ലഭിച്ചത്.

ശ്രീശ്വേതേശ്വറിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണത്രേ മഴവിൽ കാവടി. പിറന്നതും വളർന്നതും പഠിച്ചതും എല്ലാം അബുദാബിയിൽ ആയതുകൊണ്ട് മലയാളം വായിക്കാനും എഴുതാനും അറിയില്ല. പല വാക്കുകളുടെയും അർത്ഥവും അറിയില്ല. തനിക്കേറ്റവും രസിച്ച കാവടിയെ തനിക്കേറ്റവും പ്രിയപ്പെട്ട ചില ചങ്ങാതിമാർ കാണണമെന്ന് കുഞ്ചുവെന്ന ശ്രീശ്വേതേശ്വറിന് ഒരാഗ്രഹം. സംഭാഷണങ്ങൾ മനസ്സിലാവാതെ കാവടി കണ്ടിട്ട് കാര്യമില്ലെന്ന് തീരുമാനിച്ച ശ്രീ കുഞ്ചു സ്വന്തം നിലയിൽ അമ്മയെ കൂട്ടുപിടിച്ച് കാവടിക്ക് ഇംഗ്ലീഷിൽ ദിവസങ്ങളെടുത്ത് ഉചിതമായ സബ്ടൈറ്റിൽ നൽകി.

അവൻ പിറക്കും മുൻപെ ഞാനെഴുതിയ ഒരു സിനിമക്ക് ഇങ്ങിനൊരു കിരീടം നൽകി സ്വന്തം ചങ്ങാതിമാർ ഈ സിനിമ കാണണെമെന്നാഗ്രഹിക്കുന്ന ആ മനസ്സിലേക്കുള്ള ദൂരത്തോളം സഞ്ചരിക്കാൻ ഞാൻ എടുത്ത സമയം, വർഷം ഇത്ര കഴിഞ്ഞിട്ടും, ഒരു നക്ഷത്രം മിന്നുന്ന നേരമേ വേണ്ടിവന്നുള്ളു എന്നതാണ് സത്യം. വീണ്ടും സ്ക്കൂട്ട് ബാക്ക് ചെയ്ത് സത്യൻറെ കൈയ്യും പിടിച്ച് ആ കടക്കു മുന്നിൽ എത്താനൊരു മോഹം. നന്ദി കുഞ്ചു. ഒരുപാട് നന്ദി. കുഞ്ചുവായ ശ്രീശ്വേതേശ്വർ ഇംഗ്ളീഷ് സംഭാഷണം പതിച്ച കാവടിയുടെ ഒരു കഷ്ണം താഴെ.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News