'രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ ഒന്നായി അണിചേരാം'; ആശംസകളുമായി നടി അന്ന രാജന്‍
'അങ്കമാലി ഡയറീസി'ലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങവെ യാത്രക്ക് ആശംസകളുമായി നടി അന്ന രാജന്‍. രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ നമുക്ക് ഒന്നായി അണിചേരാമെന്ന് അന്ന രാജന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. യാത്ര ആലുവയില്‍ എത്താനിരിക്കെ ആലുവയിലേക്ക് സ്വാഗതം എന്നും താരം ആശംസിച്ചു. രാഹുലിന്‍റെ യാത്രയിലെ മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചാണ് അന്ന ആശംസാ വീഡിയോ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചത്. 'അങ്കമാലി ഡയറീസി'ലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്. 'വെളിപ്പാടിന്‍റെ പുസ്തകം', 'ലോനപ്പന്‍റെ മാമോദീസ', 'മധുര രാജ', 'അയ്യപ്പനും കോശിയും' എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.
ഇന്ന് രാവിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്ന് സ്വീകരണ ഗാനത്തോടെയാണു രാഹുൽ ഗാന്ധിയെ എറണാകുളം ജില്ല സ്വീകരിക്കുക. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരും ഓരോ മണ്ഡലങ്ങളിൽ നിന്നുള്ള 10 സ്ഥിരം പദയാത്രികരും പോഷക സംഘടനാ നേതാക്കളും പദയാത്രയ്ക്കൊപ്പം ചേരും. പദയാത്ര കടന്നുവരുന്ന വഴിയിൽ വിവിധ വേദികളിൽ നാടൻപാട്ട്, തെയ്യം, കഥകളി, മുടിയേറ്റ്, ചവിട്ടുനാടകം എന്നിവ അവതരിപ്പിക്കും. യാത്രയുടെ ഭാഗമായി മതമേലധ്യക്ഷൻമാർ, എഴുത്തുകാർ, ഐ.ടി പ്രഫഷണലുകൾ, ട്രാൻസ്ജൻഡറുകൾ തുടങ്ങി വിവിധ ശ്രേണിയിലുള്ളവരുമായി രാഹുൽ ഗാന്ധി സംവദിക്കും. സച്ചിൻ പൈലറ്റ് അടക്കമുള്ള ദേശീയ നേതാക്കളും യാത്രയുടെ ഭാഗമാകുന്നുണ്ട്. എറണാകുളം ജില്ലയില്‍ രണ്ട് ദിവസത്തെ പര്യടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.