രജനീകാന്ത് കഴിയുന്ന ആശുപത്രി പൊലീസ് വലയത്തിൽ; അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബം
താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുമ്പില്‍ സുരക്ഷ ശക്തമാക്കി. 30 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പിൽ നിയോഗിച്ചിട്ടുള്ളത്. കർശന പരിശോധനയോടെയാണ് സന്ദർശകരെ അകത്തേക്ക് കടത്തിവിടുന്നത്. രണ്ട് എസ്‌ഐമാർ, നാലു വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. തലകറക്കമുണ്ടായതിനെ തുടർന്നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിച്ചുവെന്നും ബുള്ളറ്റിനിൽ പറയുന്നു. കുറച്ചു ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരവിന്ദൻ സെൽവരാജ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ, താരത്തിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് കുടുബാംഗങ്ങൾ അഭ്യർത്ഥിച്ചു. ഡൽഹിയിൽ ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ചശേഷം കഴിഞ്ഞദിവസമാണ് രജനീകാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.