11 വര്‍ഷം ഒരുപാട് അനുഭവിച്ചു, ആളുകള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു; വീഡിയോയുമായി രാംചരണ്‍

ഉപാസനയുടെ ഗർഭ കാലം മുതൽ കുഞ്ഞിന് പേരിടുന്നത് വരെയുള്ള സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

Update: 2023-07-22 07:15 GMT
Editor : Jaisy Thomas | By : Web Desk

രാംചരണും ഉപാസനയും

Advertising

ഹൈദരാബാദ്: ഉപാസന കാമിനേനി കൊനിഡേലയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തേത് ഏറ്റവും സന്തോഷമുള്ള പിറന്നാളാണ്. മകള്‍ പിറന്നതിനു ശേഷമുള്ള ആദ്യ ജന്‍മദിനം. ഉപാസനയുടെ 34-ാം ജന്‍മദിനത്തില്‍ ഭര്‍ത്താവും നടനുമായ രാംചരണ്‍ പങ്കുവച്ച ആശംസ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഉപാസനയുടെ ജന്മദിനവും മകള്‍ ക്ലിന്‍ കാരയുടെ ഒരു മാസവും അടയാളപ്പെടുത്തുന്ന സ്പെഷ്യല്‍ ദിവസത്തില്‍ റിലീസ് ചെയ്ത വീഡിയോ ജോസഫ് പ്രതാനികാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഉപാസനയുടെ ഗർഭ കാലം മുതൽ കുഞ്ഞിന് പേരിടുന്നത് വരെയുള്ള സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകാൻ വൈകുന്നതെന്ന ആളുകളുടെ ചോദ്യത്തിന് ഉത്തരമാണ് തന്റെ മകൾ ക്ലിൻ കാര എന്ന് രാം ചരൺ വീഡിയോയിൽ പറയുന്നു. എല്ലാത്തിനും ഉചിതമായ സമയമുണ്ടെന്നും ഈ പതിനൊന്ന് വർഷത്തിനിടെ, ഒരുപാട് അനുഭവിച്ചുവെന്നും ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് തന്റെ ഭാര്യ ഉപാസന തെളിയിച്ചുവെന്നും രാം ചരൺ പറഞ്ഞു. 'ഒരുപാട് ആളുകൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ച് സമ്മർദ്ദമുണ്ടാക്കി കൊണ്ടിരുന്നു. നിങ്ങൾ എന്തിനാണ് ഇനിയും കാത്തിരിക്കുന്നത് എന്നായിരുന്നു ചോദ്യം എന്നാൽ എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നാണ് എന്റെ ഉത്തരം. ഈ പതിനൊന്നു വർഷം കൊണ്ട് ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് ഉപാസന എനിക്ക് കാണിച്ചു തന്നു' എന്നാണ് രാം ചരൺ വീഡിയോയിൽ പറയുന്നത്. ഒന്‍പതു മാസത്തെ പ്രതീക്ഷക്കും പിരിമുറുക്കത്തിനു ശേഷം കുഞ്ഞ് ജനിച്ചപ്പോള്‍ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം വന്നുവെന്നും രാം ചരണ്‍ പറഞ്ഞു.

ഉപാസനയും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. അമ്മയായതോടെ ഞാൻ പൂർണത നേടി എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ മകൾ ചെഞ്ചസ് ഗോത്രത്തിന്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു സമ്മർദ്ദവുമില്ലാതെ കഠിനാധ്വാനത്തിലൂടെ അവൾ സ്വന്തം യശസ്സുയർത്തണം എന്നാണ് എന്റെ ആഗ്രഹം'' ഉപാസന പറയുന്നു.

ജൂണ്‍ 20നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന കുഞ്ഞിന് ജന്‍മം നല്‍കിയത്.2012 ജൂണ്‍ 14നായിരുന്നു രാംചരണിന്‍റെയും ഉപാസനയുടെയും വിവാഹം. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News