മലയാളികളുടെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി കോമിക് ബുക്സിന്‍റെ ലോകത്തേക്ക്
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍
മലയാളികള്‍ക്ക് ബേസില്‍ ജോസഫ് സമ്മാനിച്ച സൂപ്പര്‍ ഹീറോ ആയിരുന്നു മിന്നല്‍ മുരളി. ടൊവിനോ തോമസ് ടൈറ്റില്‍ വേഷത്തിലെത്തിയ ചിത്രത്തെ അത്രത്തോളം കേരളം സ്വീകരിച്ചിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ, പ്രമുഖ കോമിക് മാഗസിനായ ടിങ്കിളിലൂടെ മിന്നൽ മുരളി വീണ്ടുമെത്തുകയാണ്. നിർമാതാവ് സോഫിയാ പോളാണ് വിവരം പങ്കുവെച്ചത്. നടൻ റാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്. പ്രശസ്തമായ സാൻഡിയാഗോ കോമിക് കോണിൽ വെച്ച് മിന്നല്‍മുരളിയെ അവതരിപ്പിക്കും.
മലയാളം,തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലായിട്ടാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ടൊവിനോ ജെയ്സൺ,മിന്നൽ മുരളി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ തമിഴ് നടൻ ഗുരു സോമസുന്ദരമാണ് വില്ലനായി എത്തിയത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. അജു വർഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മിന്നൽ മുരളി ഒരുക്കിയതിന് സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിലിനു ലഭിച്ചിരുന്നു.