'സ്വത്തുക്കളെല്ലാം വിറ്റാണ് പടം നിർമിച്ചത്; ഒരാളും പിന്തുണച്ചില്ല'-'സ്വതന്ത്ര വീർ സവർക്കറി'നെക്കുറിച്ച് രൺദീപ് ഹൂഡ

ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന്, റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും തിയറ്ററിൽ കാര്യമായി ഇളക്കമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ച കളക്ഷനും ലഭിച്ചിട്ടില്ല

Update: 2024-03-30 10:21 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: വലിയ ആഘോഷത്തോടെ വന്ന് ബോക്‌സോഫിസിൽ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ് രൺദീപ് ഹൂഡ ചിത്രം 'സ്വതന്ത്ര വീർ സവർക്കർ'. ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിന്, റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും തിയറ്ററിൽ കാര്യമായി ഇളക്കമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ച കളക്ഷനും ലഭിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമ അർഹിച്ച പിന്തുണ എവിടെനിന്നും കിട്ടിയില്ലെന്നു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ രൺദീപ് ഹൂഡ.

യൂട്യൂബർ രൺവീർ അലഹബാദിയയോടാണ് ബോളിവുഡ് താരം മനസ്സുതുറന്നത്. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് തുടക്കംതൊട്ടേ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്ന് രൺദീപ് ഹൂഡ പറഞ്ഞു. തുടക്കത്തിൽ ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ഇതൊരു മികച്ച സിനിമയാക്കണമെന്ന ആലോചനയുണ്ടായിരുന്നില്ല. വെറുതേ ഒരു എടുക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് താൻ സംവിധായകനായതോടെ ആ നിലവാരം ചിത്രത്തിനു മതിയായിരുന്നില്ല. ഇതുകാരണം നിർമാണത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. സാമ്പത്തിക പ്രതിസന്ധിയും നേരിട്ടെന്ന് നടൻ പറഞ്ഞു.

''അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് എനിക്കു വാങ്ങിത്തന്ന സ്വത്തുക്കൾ ചിത്രത്തിനു വേണ്ടി എനിക്കു വിൽക്കേണ്ടിവന്നു. ഇത്തരമൊരു ചിത്രത്തിനു ലഭിക്കേണ്ട പിന്തുണ ഒരാളിൽനിന്നും കിട്ടിയില്ല. ചിത്രത്തിൽ എനിക്കൊപ്പം എല്ലാം സമർപ്പിച്ച അണിയറപ്രവർത്തകരിൽനിന്നും അഭിനേതാക്കളിൽനിന്നും മാത്രമാണു പിന്തുണ ലഭിച്ചത്. അതുകൊണ്ടുതന്നെ ഞാൻ ഒറ്റയ്ക്കാണു മുന്നോട്ടുപോയത്. എന്തുകൊണ്ടാണ് നമ്മൾക്ക് ആ പിന്തുണ കിട്ടാത്തതെന്ന് എനിക്കു മനസിലാകുന്നില്ല.''

സിനിമാ നിർമാണഘട്ടത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ ഇനിയും പറയാൻ ആഗ്രഹിക്കുന്നില്ല. എന്തൊക്കെ കടന്നാണ് ഇവിടെ എത്തിയതെന്ന് എനിക്കും ഭാര്യയ്ക്കും എന്റെ കുടുംബത്തിനും മാത്രമേ അറിയൂ. അഭിനയത്തിന്റെ ഭാഗമായി 60 കിലോയിലേക്കു ശരീരഭാരം കുറക്കേണ്ടിവന്നു. വെള്ളവും ബ്ലാക്ക് കോഫിയും ഗ്രീൻ ടീയും മാത്രമായിരുന്നു ആദ്യം കഴിച്ചിരുന്നത്. പിന്നീട് ഡാർക്ക് ചോക്ലേറ്റും അണ്ടിപ്പരിപ്പുകളുംകൂടി കഴിക്കാൻ തുടങ്ങി. ഉറക്കം നഷ്ടപ്പെട്ടു. സിനിമാ സെറ്റിൽ പലതവണ കുഴഞ്ഞുവീണുവെന്നും രൺദീപ് വെളിപ്പെടുത്തി.

കുതിരസവാരിക്കിടെ വീണു മുട്ടിനു പരിക്കേറ്റിരുന്നുവെന്നും നടൻ പറഞ്ഞു. ലിഗ്മെന്റും ഇളകി. രണ്ടു മാസത്തോളം അനങ്ങാൻ പറ്റുമായിരുന്നില്ല. മാനസികസംഘർഷമായതോടെ കൂടുതൽ ഭക്ഷണം കഴിക്കാനും തുടങ്ങി. പിന്നീട് വീണ്ടും ഡയറ്റിലേക്കു വന്നു. ഒരു സ്പൂൺ ആൽമണ്ട് ബട്ടർ, ഒരു സ്പൂൺ വെളിച്ചെണ്ണ, ഇത്തിരി അണ്ടിപ്പരിപ്പ് ഒക്കെയായിരുന്നു ആകെ ഒരു ദിവസം കഴിച്ചിരുന്നത്. ആഗസ്റ്റ് 15നോ ജനുവരി 26നോ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പലവഴിക്കു ശ്രമിച്ചിട്ടും അതു സാധ്യമായില്ലെന്നും രൺദീപ് ഹൂഡ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ മോശം കളക്ഷനാണു ചിത്രത്തിനു ലഭിച്ചത്. തിയറ്റർ പ്രതികരണം ട്രാക്ക് ചെയ്യുന്ന പോർട്ടലായ സാക്നിൽക് ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായിട്ടില്ല. ആദ്യദിനം 1.05 കോടി രൂപയാണ് വീർ സവർക്കർ തിയറ്ററിൽനിന്നു നേടിയത്. തൊട്ടടുത്ത രണ്ടു ദിവസം വാരാന്ത്യദിനങ്ങളായതിനാൽ ഭേദപ്പെട്ട പ്രകടനമാണു കാഴ്ചവച്ചത്. രണ്ടാം ദിനം 2.25 കോടിയും മൂന്നാം ദിനം 2.7 കോടിയും നേടി. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും കളക്ഷൻ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം നേടിയത് 2.15 ആണ്. 20.37 ശതമാനമാണ് ഇടിവുണ്ടായത്. നാലാം ദിവസം 1.05 കോടിയായി കുറഞ്ഞു. 51.16 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ആറാം ദിവസമായ ബുധനാഴ്ചത്തേത്താണ് ഏറ്റവും മോശം പ്രകടനം. 93 ലക്ഷമാണ് അന്നു ഭിച്ചത്. 11.43 ശതമാനത്തിന്റെ കുറവാണിത്. ഇതുവരെ 13 കോടി രൂപയാണ് ചിത്രം തിയറ്ററിൽനിന്നു സ്വന്തമാക്കിയത്.

വലിയ തോതിലുള്ള രാഷ്ട്രീയ പിന്തുണയ്ക്കും പ്രചാരണങ്ങൾക്കുമിടയിലാണ് ചിത്രം തിയറ്ററിൽ തരംഗമുണ്ടാക്കാനാകാതെ മുന്നോട്ടുപോകുന്നത്. വി.ഡി സവർക്കറെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമുള്ള മറുപടിയായിരിക്കും തന്റെ ചിത്രമെന്നാണ് സംവിധായകൻ കൂടിയായ ബോളിവുഡ് താരം രൺദീപ് ഹൂഡ അവകാശപ്പെട്ടിരുന്നത്. ജനം വലിയ തോതിൽ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.

ഹൂഡയുടെ കന്നി സംവിധാന ചിത്രം കൂടിയായ വീർ സവർക്കർ മാർച്ച് 22നാണ് തിയറ്ററിലെത്തിയത്. ഹൂഡ തന്നെയാണു ചിത്രത്തിൽ സവർക്കറുടെ റോളിലെത്തുന്നത്. അങ്കിത ലോഖൻഡെ, അമിത് സിയാൽ, രാജേഷ് ഖേര എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്ന മറ്റു താരങ്ങൾ.

ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുമുണ്ടായിരുന്നു. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, രൺദീപ് ഹൂഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മഞ്ജരേക്കർ പ്രോജക്ടിൽനിന്നു പിന്മാറി. ഹൂഡ അനാവശ്യമായി ചിത്രത്തിൽ ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. പല ഭാഗങ്ങളിലും അദ്ദേഹത്തിനു താൽപര്യമുള്ള തിരുത്തുകൾ ആവശ്യപ്പെട്ടെന്നും മഞ്ജരേക്കർ തുറന്നടിച്ചു. മഹേഷ് മഞ്ജരേക്കർ സംവിധാനം ഉപേക്ഷിച്ചതോടെ ഹൂഡ തന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ടിറ്റ്, സന്ദീപ് സിങ് എന്നിവരാണു നിർമാതാക്കൾ. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവർ സഹനിർമാതാക്കളുമാണ്. രൺദീപ് ഹൂഡയും ഉത്കർഷ് നൈതാനിയും ചേർന്നാണു തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഹിന്ദിക്കു പുറമെ മറാഠിയിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Summary: Randeep Hooda expresses disappointment over lack of support to Swatantra Veer Savarkar movie

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News