കാര്‍യാത്രയില്‍ ചുരുളഴിയുന്ന ബന്ധങ്ങളുടെ സങ്കീര്‍ണത.. രണ്ടുപേര്‍ നാല് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇന്ന് മുതല്‍
പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍യാത്രയാണ് രണ്ടുപേര്‍
ഒരു കാര്‍യാത്രയിലെ സംഭാഷണങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്യുന്ന രണ്ടുപേര്‍ എന്ന ചിത്രം നാല് ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇന്ന് മുതല്‍. നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ജൂലൈ 9 മുതല്‍ രണ്ടുപേര്‍ എത്തുന്നത്. 2017ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നവാഗതനായ പ്രേം ശങ്കര്‍ ആണ് സംവിധാനം.
പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍യാത്രയാണ് രണ്ടുപേര്‍. രണ്ട് അപരിചിതരുടെ കാര്‍യാത്രാസമയത്തെ സംഭാഷണത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രത്തിന്‍റെ മേക്കിംഗാണ് ഐഎഫ്എഫ്കെയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്റെ ആദ്യ സിനികളിലൊന്നാണിത്‍. സിനിമാ ടിക്കറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസ് ആണ് നായകന്‍. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും ചിത്രത്തിലുണ്ട്.
ഒരു ബന്ധം മുറിയുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രതിസന്ധിയുടെ തീവ്രതയെന്ന അര്‍ത്ഥത്തില്‍ ഇത് ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ മാത്രം കഥയല്ലെന്ന് സംവിധായകന്‍ പ്രേം ശങ്കര്‍ പറഞ്ഞു. കാരണം ഈ വെല്ലുവിളി ഏത് രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നുവരുന്നതാണ്. ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന കഥകളും വാഹനത്തിനകത്ത് മാത്രം ചിത്രീകരിച്ച സിനിമകളും പ്രേക്ഷകര്‍ക്ക് പരിചയമുള്ളതാണ്. ഈ രണ്ട് സാധ്യതകളും ഇണക്കിയാണ് രണ്ടുപേര്‍ ചിത്രീകരിച്ചത്.
"ബംഗളൂരു പോലുള്ള ഒരു നഗരത്തില്‍ റോഡ് ബ്ലോക്കും ട്രാഫിക്കും ഒക്കെയായി മണിക്കൂറുകള്‍ കാറില്‍ ചെലവഴിക്കുന്ന മനുഷ്യരുണ്ട്. പല ആളുകളും മറ്റിടങ്ങളില്‍ ഇരുന്ന് സംസാരിക്കുന്നതിനേക്കാളധികം ഇക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സംസാരിക്കുന്നത്. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഇത്തരം യാത്രകള്‍ സംസാരിക്കാന്‍ പറ്റിയ സമയമാണുതാനും. മറ്റൊന്ന് കാറില്‍ വച്ച് സംസാരിക്കുമ്പോള്‍ വളരെ സത്യസന്ധമായിട്ടായിരിക്കും സംസാരിക്കുക എന്നും തോന്നിയിട്ടുണ്ട്. കാറിനകത്തായിരിക്കുമ്പോല്‍ എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടാവുന്നുണ്ട്. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് അത് വേദിയാകും. അങ്ങനെയാണ് കാറില്‍ യാത്ര ചെയ്യുമ്പോഴുള്ള സംഭാഷണങ്ങളിലൂടെ ചിത്രം പ്ലാന്‍ ചെയ്തത്"- ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ പ്രേം ശങ്കര്‍ പറയുന്നു.
2017ല്‍ പൂര്‍ത്തിയായ ചിത്രം ഒടിടിയിലൂടെ നാലു വര്‍ഷത്തിനു ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്‍. അഡ്വര്‍ടൈസിംഗ് പ്രൊഫഷന്‍ ഉപേക്ഷിച്ചാണ് പ്രേം ശങ്കര്‍ മുഴുവന്‍ സമയ ഫിലിം മേക്കറാകാന്‍ തീരുമാനമെടുത്തത്. പുതിയ ചിത്രങ്ങളുടെ ആലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.