'ഞാൻ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കിൽ എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല'; 'ഡീപ്പ് ഫേക്ക്' വീഡിയോയോട് പ്രതികരിച്ച് രശ്മിക മന്ദാന
സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ.ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിക്കുന്നത്
നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയോട് പ്രതികരിച്ച് താരം. തന്‍റേതെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നത് തീർത്തും വേദനാജനകമാണെന്നുമായിരുന്നു താരം പ്രതികരിച്ചത്.
സാങ്കേതിക വിദ്യയുടെ ഇത്തരം ദുരുപയോഗം ഏറെ ഭയപ്പെടുത്തുന്നുണ്ട്. താൻ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായതെങ്കിൽ അതിനെ എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല. ഇത്തരമൊരു അവസരത്തിൽ ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും എനിക്കൊപ്പം നിന്നതിന് എന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. കൂടുതൽ ആളുകളെ ഇത് ബാധിക്കും മുൻപ് ഇതിനെതിരെ പ്രതികരിക്കണം. അല്ലെങ്കിൽ സമൂഹത്തിൽ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. എന്നു പറഞ്ഞാണ് താരം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ രശ്മികയുടേതെന്ന പേരിൽ ഈ വ്യാജ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ.ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.
വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചൻ ആവശ്യപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായതോടെ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ സോഷ്യൽ മീഡിയ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.