മുംബൈ തെരുവിൽ ഫ്രീ ഹഗ്ഗുമായി നടി റിച്ച ഛദ്ദ; വീഡിയോ വൈറൽ
വിദ്യാർത്ഥികൾ, തെരുവിൽ ജീവിക്കുന്നവർ തുടങ്ങി നിരവധി പേര്‍ നടിയെ ആലിംഗനം ചെയ്യുന്നുണ്ട്
മുംബൈ: നഗരമധ്യത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദ നടത്തിയ സൗജന്യ ആലിംഗനം സമൂഹമാധ്യമത്തിൽ വൈറൽ. ഫ്രീ ഹഗ് എന്ന ബാനറുമായാണ് സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ആളുകളെ നടി ആലിംഗനം ചെയ്തത്. ഇതിന്റെ വീഡിയോ റിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
രണ്ടു വർഷം മുമ്പ്, ലോക അനുകമ്പാ ദിനത്തിൽ ഷൂട്ടു ചെയ്തതാണ് വീഡിയോ. രണ്ടു വർഷം മുമ്പ് ഈ ദിനത്തിൽ ഇതാണ് ചെയ്തത് എന്നും ഇന്ന് നിങ്ങൾ എങ്ങനെ ആഘോഷിക്കുന്നു എന്ന ചോദ്യവുമായാണ് നടി വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 'ചെറിയ സമയത്തിനുള്ളിൽ നമ്മുടെ ലോകം എത്ര പെട്ടെന്നാണ് മാറിയത്. കോവിഡിന് മുമ്പ് ഇത് സാധ്യമായിരുന്നു. അതിവേഗത്തിൽ വീണ്ടും ഇതിനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിന് വേണ്ടത് സ്‌നേഹമാണ്.' - നടി കുറിച്ചു.
നിരവധി പേരാണ് നടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. നല്ല ആശയമാണിതെന്നും സ്‌നേഹവും പോസിറ്റിവിറ്റിയും നൽകുന്ന സന്ദേശമാണ് നടി കൈമാറിയത് എന്നും വീഡിയോക്ക് താഴെ ആളുകൾ കമന്റ് ചെയ്തു. കോവിഡ് കാലത്ത് മാസ്‌ക് ധരിക്കാതെ ആലിഗനം ചെയ്യുന്നത് വൈറസ് ബാധയ്ക്ക് കാരണമാകില്ലേ എന്ന ആശങ്കയും ചിലർ പങ്കുവച്ചു.
വിദ്യാർത്ഥികൾ, ഹിജാബ് ധരിച്ചവർ, തെരുവിൽ ജീവിക്കുന്നവർ തുടങ്ങി നിരവധി പേരാണ് നടിയെ ആലിംഗനം ചെയ്യാനെത്തിയത്.
ഡിസ്‌നി ഹോട്‌സ്റ്റാർ റിലീസ് ചെയ്യുന്ന ദ ഗ്രേറ്റ് ഇന്ത്യൻ മർഡർ എന്ന സീരീസിലാണ് റിച്ച ഇപ്പോൾ അഭിനയിക്കുന്നത്. കൊലപാതകക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് ഇവർ ഷോയിലെത്തുന്നത്. തിഗ്മാൻഷു ധുലിയയാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
2008ൽ ഒയ് ലക്കി! ഒയ് ലക്കി എന്ന കോമഡി സിനിമയിലൂടെയാണ് റിച്ച ബോളിവുഡിലെത്തിയത്. സമകാലിക വിഷയങ്ങളിൽ ധൈര്യപൂർവ്വം നിലപാടെടുക്കുന്ന അഭിനേത്രി കൂടിയാണ് ഇവർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവകലാശാലാ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് ഇവർ പിന്തുണ നൽകിയത് രാജ്യശ്രദ്ധയാകർഷിച്ചിരുന്നു.