മലൈക്കോട്ടൈ വാലിബനിലേക്കുള്ള ഓഫര്‍ നിരസിച്ച് ഋഷഭ് ഷെട്ടി; കാരണമിതാണ്...
കാന്താരയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം കന്നഡ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് ഋഷഭ്
ബെംഗളൂരു: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും ലാലും ഒരുമിക്കുന്ന ആദ്യചിത്രമെന്ന നിലയില്‍ പ്രതീക്ഷകള്‍ വാനോളമുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളെയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അതിനിടയിലാണ് കാന്താര താരം ഋഷഭ് ഷെട്ടിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഷെട്ടി.
വാലിബനിലേക്ക് തന്നെ ക്ഷണിച്ചിരുന്നെങ്കിലും അടുത്തതായി ഒരു കന്നഡ സിനിമ ചെയ്യാൻ ആഗ്രഹിച്ചതിനാൽ ഓഫർ നിരസിക്കുകയായിരുന്നുവെന്ന് ഋഷഭ് ഷെട്ടി ഒരു മാധ്യമത്തോട് പറഞ്ഞു.കാന്താരയുടെ സ്റ്റണ്ട് മാസ്റ്റർ വിക്രം മോറും കന്നഡ സ്റ്റാൻഡ്‌അപ്പ് കോമേഡിയനും നടനുമായ ഡാനിഷ് സെയ്തും ചിത്രത്തിന്‍റെ ഭാഗമായതിനാൽ മലൈക്കോട്ടൈ വാലിബന് ഒരു കന്നഡ ബന്ധവമുണ്ട്. കാന്താരയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം കന്നഡ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് ഋഷഭ്. കാന്താരയുടെ പ്രീക്വലിനായുള്ള തയ്യാറെടുപ്പിലാണ് താരം. ജൂണില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നും അടുത്ത വര്‍ഷം വേനലവധിക്കാലത്ത് ചിത്രം തിയറ്ററിലെത്തുമെന്നും ഷെട്ടി അറിയിച്ചിരുന്നു.
അതേസമയം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. പി.എസ് റഫീഖ് ആണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതം-പ്രശാന്ത് പിള്ള, ക്യാമറ-മധു നീലകണ്ഠന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തി കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുകയെന്നും ആന്ധ്രാപ്രദേശിന്‍റെ പശ്ചാത്തലത്തില്‍ ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയായിട്ടാണ് സിനിമയൊരുക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്.