അന്ന് പണമില്ലാത്തത് കൊണ്ട് വണ്ടിക്ക് പെയിന്‍റ് അടിച്ചില്ല, ഇന്ന് അവന് എത്ര കാറുണ്ടെന്ന് എനിക്കറിയില്ല; ടൊവിനോയെക്കുറിച്ച് മാത്തുക്കുട്ടി

തങ്ങളുടെ കൂടെ താമസിച്ചിരുന്നവരിൽ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടോവിനോ ആയിരുന്നുവെന്ന് മാത്തുക്കുട്ടി പറഞ്ഞു

Update: 2022-01-05 07:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലോകസിനിമയുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രം എല്ലാത്തരം പ്രേക്ഷകരെയും കയ്യിലെടുത്തു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി നായകനാവുകയും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയുമാണ് ടൊവിനോ. കഠിനാധ്വാനം കൊണ്ടാണ് ടൊവിനോ ഉയരങ്ങള്‍ കീഴടക്കിയതെന്ന് പറയുകയാണ് സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പേ ടോവിനോക്കൊപ്പം ഒരേ മുറിയിൽ താമസിച്ചിരുന്ന സംവിധായകനും അവതാരകനുമായ ആർ.ജെ മാത്തുക്കുട്ടി.

തങ്ങളുടെ കൂടെ താമസിച്ചിരുന്നവരിൽ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടോവിനോ ആയിരുന്നുവെന്ന് മാത്തുക്കുട്ടി പറഞ്ഞു. അതിനായി അത്രക്കുള്ള ആഗ്രഹവും അദ്ധ്വാനവും ടോവിനോ ചെയ്തിട്ടുണ്ട്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിനൊപ്പമുള്ള ഓർമകൾ മാത്തുക്കുട്ടി പങ്കുവെച്ചത്.

ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ടോവിനോയും ഞാനും. ആഗ്രഹത്തിന്‍റെ സന്തതി ആയിരുന്നു അവനെന്നും ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നെന്നും മാത്തുക്കുട്ടി പറഞ്ഞു. അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കാലത്ത് ടോവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോകണമെങ്കിൽ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് ചേട്ടനോട് ചോദിക്കണം എന്നതിനാൽ ബാറ്ററിയില്ലാതെ ആ വണ്ടി അവൻ കുറേനാൾ ഓടിച്ചിട്ടുണ്ട്.

അന്ന് ജോലിയുള്ളത് എനിക്ക് മാത്രമായിരുന്നു. ബുള്ളറ്റിന് മിലിട്ടറി ഗ്രീൻ പെയിന്‍റടിച്ചു. അതു കണ്ടപ്പോൾ ടോവിനോയ്ക്ക് ഒരു ആഗ്രഹം അവന്‍റെ ബുള്ളറ്റിനും പെയിന്‍റ് അടിക്കണമെന്ന്. തന്നോട് ചോദിച്ചപ്പോൾ 5000 രൂപ ഉണ്ടെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു. '5000 വലിയ തുകയാണ് മാത്തു' എന്ന് പറഞ്ഞ് അവൻ അത് വേണ്ടെന്ന് വെച്ചു. ഇന്ന് അവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് അറിയത്തില്ലെന്നും ആ ബുള്ളറ്റ് പുതിയ ബാറ്ററി വെച്ച് ഇപ്പോഴും ഓടിക്കുന്നുണ്ടെന്നും മാത്തുക്കുട്ടി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News