ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണെന്ന് പറഞ്ഞ് മധുവിന് വേണ്ടി ആദ്യമുയർന്ന ശബ്ദങ്ങളിലൊന്ന് മമ്മൂട്ടിയുടേത്: കുറിപ്പ്
''കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ മനുഷ്യൻ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടൽകൂടിയാണ് വിജയം കാണുന്നത്''
അട്ടപ്പാടി മധുവധക്കേസിൽ പതിനാറ് പ്രതികളിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയത് ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്. പ്രതികൾക്കുള്ള ശിക്ഷാവിധി ബുധനാഴ്ച(നാളെ) പ്രഖ്യാപിക്കും. സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറയുന്നത്. 2022 ഏപ്രിൽ 28-ന് വിചാരണ തുടങ്ങിയതുമുതൽ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു.
മധുവധക്കേസിൽ ആദ്യം മുതൽ തന്നെ ശബ്ദമുയർത്തിയ താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഇടപെടലിനെ പ്രകീർത്തിച്ച് തന്റെ പി.ആർ.ഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണെന്ന് പറഞ്ഞ് മധുവിന് വേണ്ടി ആദ്യമുയർന്ന ശബ്ദങ്ങളിലൊന്ന് മമ്മൂട്ടിയുടേതായിരുന്നു. വെറുമൊരു ഫെയ്സ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാർഢ്യമായിരുന്നു ഇതിൽ മമ്മൂട്ടിയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയർന്നപ്പോൾ മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിനായി അഭിഭാഷകന്റെ സഹായം ഏർപ്പെടുത്തിയത് മമ്മൂട്ടിയാണെന്നും റോബർട്ട് കുര്യാക്കോസ് കുറിച്ചു.
''മമ്മൂട്ടി എന്ന മഹാനടൻ മനുഷ്യപ്പറ്റ്കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ മനുഷ്യൻ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടൽകൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജൻ തന്നെയാകുന്നതും അതുകൊണ്ടുതന്നെ...''- റോബർട്ട് കുര്യാക്കോസ് കൂട്ടിച്ചേർത്തു.
റോബർട്ട് കുര്യാക്കോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മധുവിന് നീതിനൽകിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളർന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓർക്കേണ്ട ഒരുപേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതിൽ അഭിമാനം. 'ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്' എന്ന് പറഞ്ഞുകൊണ്ട് മധുവിന് വേണ്ടി ആദ്യമുയർന്ന ശബ്ദങ്ങളിലൊന്ന് മമ്മൂക്കയുടേതായിരുന്നു. ഇപ്പോൾ കോടതി തന്നെ ആൾക്കൂട്ടആക്രമണത്തിനെതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫെയ്സ്ബുക്ക് കുറിപ്പിലൊതുങ്ങാത്ത ഐക്യദാർഢ്യമായിരുന്നു ഇതിൽ മമ്മൂക്കയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുങ്ങുന്നുവെന്നും ആരോപണമുയർന്നപ്പോൾ മധുവിന്റെ കുടുംബത്തിന് നിയമസഹായം( നിയമോപദേശം )നൽകുന്നതിനായി അഭിഭാഷകന്റെ സഹായം ഏർപ്പെടുത്തുകകൂടി ചെയ്തു,അദ്ദേഹം. മമ്മൂട്ടി എന്ന മഹാനടൻ മനുഷ്യപ്പറ്റ്കൊണ്ട് എങ്ങനെയാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മധുകേസ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ മനുഷ്യൻ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടൽകൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജൻ തന്നെയാകുന്നതും അതുകൊണ്ടുതന്നെ..