യുവനടന്മാരെല്ലാം ലഹരിക്കടിമകളാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍? എസ്.എന്‍ സ്വാമി
'സിനിമയിലെ ബ്ലാക്ക് ആന്‍റ് വൈറ്റ് കാലം മുതല്‍ ഒരുപാടു പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാടുപേരുടെ കഥകളറിയാം. അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ?'
കൊച്ചി: യുവനടന്മാരെല്ലാം ലഹരിക്ക് അടിമകളാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ എസ്.എന്‍ സ്വാമി. ഒന്നോ രണ്ടോ പേരുണ്ടാവാം. അതുപോലും തനിക്ക് ഉറപ്പില്ലെന്ന് എസ്.എന്‍ സ്വാമി മീഡിയവണിനോട് പറഞ്ഞു.
"ഇതുവരെ ഞാനെഴുതിയ ഒരുപാടു സിനിമകളുണ്ട്. ആ സിനിമകളിലും ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ഒരു തരത്തിലുള്ള ലഹരി പ്രശ്നവും ബാധിച്ചിട്ടില്ല. ഇതുവരെ ബാധിക്കാത്ത, നേരിട്ട് അനുഭവമില്ലാത്ത കാര്യത്തില്‍ ആധികാരികമായി എനിക്ക് അഭിപ്രായം പറയാനാവില്ല"- എസ്.എന്‍ സ്വാമി പറഞ്ഞു.
സിനിമയിലെ ബ്ലാക്ക് ആന്‍റ് വൈറ്റ് കാലം മുതല്‍ ഒരുപാടു പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാടുപേരുടെ കഥകളറിയാം. അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ? ലഹരിയാണ് നടന്മാരുടെ ചില പെരുമാറ്റങ്ങള്‍ക്ക് കാരണമെന്ന് എങ്ങനെ ഉറപ്പിക്കാന്‍ പറ്റും? ലഹരിയാണെന്ന് പറയാന്‍ എളുപ്പമാണ്. ഓരോ കേസുകളും അതിന്‍റെ മെറിറ്റില്‍ വേണം പരിശോധിക്കാന്‍. നിര്‍മാതാവിന്‍റെ അനുഭവം പറയാന്‍ അയാള്‍ക്ക് അവകാശമുണ്ട്. തിരിച്ച് ആരോപണവിധേയനു അയാളുടെ ഭാഗം പറയാനും അവകാശമുണ്ട്. ഇതുകേട്ടതിനു ശേഷമല്ലേ തീരുമാനം പറയാന്‍ പറ്റൂ? ഓരോ കേസും പരിഹരിച്ച് പോവുക എന്നതാണ് ശരിയായ രീതി. യുവനടന്മാരെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.