'എഴുതാനിരുന്നാൽ സച്ചി സന്യാസിയാണ്, ഇറച്ചിയും കള്ളും സിഗരറ്റുമെല്ലാം ഒറ്റയടിക്ക് നിർത്തും'; ഓർമകളിലൂടെ ഭാര്യ സിജി
"സച്ചിയുടെ റൺ ബേബി റൺ പോലും മുഴുവൻ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതുകൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു"
എഴുത്തിലേക്കു കടന്നാൽ സച്ചി സന്യാസിയാണെന്ന് ഭാര്യ സിജി. മൂകാംബികയിൽ ചെന്ന് തൊഴുതാണ് എഴുത്തിലേക്ക് കടക്കുന്നത് എന്നും ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്താണ് എഴുത്തെന്നും സിജി പറഞ്ഞു. സച്ചിയുടെ ഒന്നാം ഓർമദിനത്തിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാര്യ മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകനെൈാ കുറിച്ച് മനസ്സു തുറന്നത്. സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കും പിന്നീട് ജീവിതത്തിലേക്കും കാലെടുത്തു വച്ചവരാണ് തങ്ങളെന്നും അവർ പറഞ്ഞു.
സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയെയും കുറിച്ച് സിജി പറയുന്നതിങ്ങനെ; 'സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അതിന്റെ ഒരു തുടക്കമായിരുന്നു അയ്യപ്പനും കോശിയും. രഞ്ജിയേട്ടനായിരുന്നു ആ ചിത്രത്തിന്റെ നിർമാതാവ്. പ്രതിഭ തെളിയിച്ച എഴുത്തുകാരനു വേണ്ടി സിനിമ എഴുതുമ്പോൾ കളിച്ച് ചിരിച്ച് എഴുതാനാകില്ലെന്ന് സച്ചി പറയുമായിരുന്നു. അങ്ങനെ എഴുതിയ സിനിമയാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും സിനിമ എഴുതുമ്പോൾ ഓരോ സീനുകൾ എഴുതി കഴിയുമ്പോഴും സച്ചി വിളിക്കുമായിരുന്നു.'
'സച്ചി ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അയ്യപ്പനും കോശിയുമാണ്. സച്ചിയുടെ റൺ ബേബി റൺ പോലും മുഴുവൻ കണ്ടിട്ടില്ല. സിനിമ കാണാത്ത ഒരാളായതുകൊണ്ടാണ് നിന്നെ ഇഷ്ടപ്പെട്ടതെന്ന് സച്ചി പറയുമായിരുന്നു. ഒരുദിവസം ഈ സിനിമ എടുത്തിട്ട് ഞങ്ങൾ ഒന്നിച്ചു കാണാൻ തുടങ്ങി. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് എന്റെ മുഖം കണ്ടപ്പോൾ സച്ചിക്ക് മനസിലായി, ഇത് പാടാണെന്ന്.'- അവർ പറഞ്ഞു.
സച്ചിയുമായുള്ള പ്രണയത്തെ കുറിച്ചും അവർ മനസ്സു തുറന്നു. 'ഞങ്ങളുടെ പ്രണയം പറയുന്നതിനേക്കാൾ സൗഹൃദത്തെക്കുറിച്ച് പറയുന്നതാകും നല്ലത്. അവസാനനിമിഷം വരെയും ഞങ്ങൾ തമ്മിൽ തീവ്രമായ പ്രണയം തന്നെയായിരുന്നു. ഞങ്ങളെപ്പോലെ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നുപോലും അറിയില്ല. പക്വത ഇല്ലാത്ത പ്രായത്തിലല്ല, പക്വത എത്തി ജീവിതം എന്താണെന്ന അനുഭവങ്ങൾ നേരിട്ടതിനു ശേഷമായിരുന്നു പ്രണയം തുടങ്ങിയത്. അതുകൊണ്ട് ആ പ്രണയത്തിന് തീവ്രത ഉണ്ടായിരുന്നു'