ഇടവേളക്ക് ശേഷം സൈജു കുറുപ്പ് നായക വേഷത്തില്‍; ചിത്രീകരണം ആരംഭിച്ചു

മലയോര ക്രൈസ്തവ കര്‍ഷക കുടുംബത്തിന്‍റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളുടെയും ചെറിയ പകയുടേയുമൊക്കെ കഥ പറയുകയാണ് ചിത്രം

Update: 2023-01-18 13:01 GMT
Editor : ijas | By : Web Desk
Advertising

സൈജു കുറുപ്പ് നായകനായ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. കോതമംഗലത്തിനടുത്തുള്ള നാടുകാണി ഗ്രാമത്തിൽ വെച്ച് ഇന്നാണ് ചിത്രീകരണം ആരംഭിച്ചത്. തികച്ചും ലളിതമായ ചടങ്ങിൽ ഫാദർ പൗലോസ് കാളിയമേലിൻ്റെ പ്രാർത്ഥനയോടെയാണു ചിത്രീകരണത്തിന് തുടക്കമായത്. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, സൈജു കുറുപ്പ്, നെബിൽ മാത്യു, ദർശന, വിനോദ് ഷൊർണൂർ എന്നിവർ ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സംവിധായകനായ ജിബു ജേക്കബ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

കലാഭവൻ റഹ്മാൻ ഫസ്റ്റ് ക്ലാപ്പ് നൽകിയതോടെ ചിത്രീകരണത്തിന് തുടക്കമായി. സൈജു കുറുപ്പാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമിക്കുന്നത്. കുട്ടമ്പുഴ, ദൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

മണ്ണിൽ പണിയെടുക്കുക, പൊന്നുവിളയിക്കുകയെന്നത് ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. കേരളത്തിലെ കുടിയേറ്റ മേഖലകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. മലയോര ക്രൈസ്തവ കര്‍ഷക കുടുംബത്തിന്‍റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളുടെയും ചെറിയ പകയുടേയുമൊക്കെ കഥ പറയുകയാണ് സംവിധായകനായ സിൻ്റോസണ്ണി തൻ്റെ കന്നി സംരംഭത്തിലൂടെ. വനാതിർത്തിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥാവികസനം. തൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങള്‍ ഹൃദയ സ്പർശിയായും ഒപ്പം ഉദ്വേഗത്തോടെയും സിനിമയില്‍ അവതരിപ്പിക്കും. കുടിയേറ്റ മേഖലയിലെ സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ചയാണ് ചിത്രം.

സോളമൻ്റെ തേനീച്ചകൾ ഫെയിം ദർശന ആണ് ചിത്രത്തിലെ നായിക. അജു വർഗീസ്, ഷമ്മി തിലകൻ, വിജയരാഘവന്‍, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം കടത്തൽക്കാരൻ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ചിത്രത്തിൽ അഭിനയിക്കുന്നു. ബി.കെ.ഹരിനാരായണൻ, സിൻ്റോസണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-രതിൻ രാധാകൃഷ്ണൻ. കലാസംവിധാനം-വിനോദ് പട്ടണക്കാടൻ. മേക്കപ്പ്-മനോജ് & കിരൺ. വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ. നിശ്ചല ഛായാഗ്രഹണം-അനീഷ് സുഗതൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ-ലിബിൻ വർഗീസ്. പ്രൊഡക്ഷൻ എക്സിക്യട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ. പി.ആര്‍.ഒ-വാഴൂർ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News