ദിലീപ് മക്കളെ പിടിച്ച് സത്യം ചെയ്തു, എങ്ങനെ വിശ്വസിക്കാതിരിക്കാനാണ്? എന്റെ വിശ്വാസം തെറ്റാകാം ശരിയാകാം: സലിംകുമാർ
"ഇപ്പോഴൊന്നും ആരെയും കഷണ്ടിത്തലയനെന്നോ കറുത്തവനെന്നോ വിളിക്കാനാവില്ല, പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കണം"
നടിയെ ആക്രമിച്ച കേസിൽ ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നുവെന്ന് നടൻ സലിംകുമാർ. കോടതി വിധിക്കാത്ത പക്ഷം ദിലീപിനെ കുറ്റക്കാരനാക്കാനാവില്ലെന്നും ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നുവെന്നും സലിംകുമാർ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
"ദിലീപ് ആണ് ശരി എന്ന് എവിടെയും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല എന്നാണ് പറഞ്ഞത്. കോടതിയാണ് കേസിൽ വിധി പറയേണ്ടത്. മാധ്യമങ്ങളും പൊതുജനങ്ങളും വിധി പറയേണ്ട കാര്യമില്ല. കേസിനെപ്പറ്റി ദിലീപിനോട് നേരിട്ട് ചോദിച്ചതാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. കുട്ടികളെ പിടിച്ച് സത്യം ചെയ്തു. അങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കാനാണ്? ഒരു മനുഷ്യൻ അങ്ങനെ പറയില്ല. അദ്ദേഹമത് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണിഷ്ടം. എന്റെ വിശ്വാസം ശരിയാകാം തെറ്റാകാം". സലിംകുമാർ പറഞ്ഞു.
പൊളിറ്റിക്കൽ കറക്ട്‌നെസ്സ് സിനിമയിൽ ഹ്യൂമറിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ താരം ഉപാധികളുള്ളിടത്ത് ഹ്യൂമർ ഫലിക്കില്ലെന്നും മമ്മൂട്ടിക്ക് പോലും പൊളിറ്റിക്കൽ കറക്ട്‌നെസ്സിന്റെ പേരിൽ മാപ്പ് പറയേണ്ടി വന്നുവെന്നും കൂട്ടിച്ചേർത്തു.
"ഇന്നത്തെ സിനിമകളിൽ കുറഞ്ഞുവരുന്ന ഒന്നാണ് കോമഡി കഥാപാത്രങ്ങൾ. അതുകൊണ്ടാണ് ഞാനൊക്കെ സീരിയസ് റോളുകൾ ചെയ്യുന്നത്. എന്നും എപ്പോഴും ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണിഷ്ടം. പക്ഷേ ഇപ്പോഴത്തെ സിനിമകളിൽ അവയില്ല. ആളുകളെ ചിരിപ്പിക്കാനെനിക്കിഷ്ടമാണ്.
ഇപ്പോഴൊന്നും ആരെയും കഷണ്ടിത്തലയനെന്നോ കറുത്തവനെന്നോ വിളിക്കാനാവില്ല. പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കണം. എപ്പോഴാണ് കേസ് വരികയെന്ന് പറയാൻ പറ്റില്ല. ആളുകളുടെ ഹ്യൂമർസെൻസിനെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നശിപ്പിച്ചു. ഒരുപാട് നിയന്ത്രണങ്ങളുള്ളിടത്ത് ഹ്യൂമർ വർക്ക് ഔട്ട് ആകില്ല. ചിലപ്പോൾ കുറച്ച് വിട്ടുവീഴ്ചകളൊക്കെ വേണ്ടി വരും. ഹ്യൂമറിനെ ഒരു ചട്ടക്കൂട്ടിലിടാനാവില്ല.
കുഞ്ചൻ നമ്പ്യാർ രാജാവിനെ പോലും വിമർശിച്ചിട്ടുണ്ട്. എന്നെപ്പോലും വെറുതേ വിടരുതെന്നാണ് നെഹ്‌റു കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞത്. അതുവരെ കയറിച്ചെല്ലാനുള്ള അവസരം കൊടുക്കണം ഹ്യൂമറിന്. എന്നാലേ അത് വർക്ക്ഔട്ട് ആകൂ. എന്നുവെച്ച് ബോഡി ഷെയിമിംഗ് കുഴപ്പമില്ല എന്നല്ല. ബോഡി ഷെയിമിംഗ് നടക്കാനേ പാടില്ലാത്ത സംഭവമാണ്. പക്ഷേ എല്ലാത്തിനെയും അങ്ങനെ കാണരുത്.മുടിയില്ല എന്ന് പറഞ്ഞതിന് മമ്മൂട്ടിക്ക് പോലും മാപ്പ് പറയേണ്ടി വന്നു. ഒരാളുടെ ഐഡന്റിഫിക്കേഷൻ ആണത്. അതെങ്ങനെയാണ് ബോഡ് ഷെയിമിംഗ് ആവുക?" താരം ചോദിച്ചു.