സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം കെ.ടി രാമറാവുവെന്ന് തെലങ്കാന മന്ത്രി; സ്വകാര്യതയില്‍ തലയിടേണ്ടെന്ന് നടി

സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചനത്തിന് കാരണം ബിആര്‍എസ് നേതാവായ കെ.ടി രാമ റാവുവാണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം

Update: 2024-10-03 03:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: താനും നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി സാമന്ത. വിവാഹമോചനം തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രീയപ്പോരിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചനത്തിന് കാരണം ബിആര്‍എസ് നേതാവായ കെ.ടി രാമ റാവുവാണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം.'മയക്കുമരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം മയക്ക് മരുന്ന് എത്തിക്കുന്നുണ്ട്. മന്ത്രിയായിരുന്ന കാലത്ത് കെടിആര്‍ നടിമാരുടെ ഫോൺ ചോർത്തുകയും പിന്നീട് അവരുടെ ബലഹീനതകൾ കണ്ടെത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്‍റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന മകന്‍റെ ഭാര്യയായ സാമന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്‌നത്തിനൊടുവിലാണ് നാഗ ചൈതന്യയും സാമന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്'- എന്നായിരുന്നു സുരേഖയുടെ പരാമര്‍ശം.

സാമന്തയുടെ കുറിപ്പ്

സ്ത്രീകള്‍ക്ക് മാന്യമായ പെരുമാറ്റം പലപ്പോഴും കിട്ടാത്ത  ഒരു തൊഴിലിടത്തില്‍ ജോലി ചെയ്യുന്ന, അതിജീവിക്കുന്ന, പ്രണയത്തിലാകാനും അതില്‍ നിന്ന് പുറത്ത് വരാനും, നിവര്‍ന്ന് നില്‍ക്കാനും പോരാടാനുമെല്ലാം കഴിയുന്ന സ്ത്രീയാകാന്‍ വലിയ ധൈര്യവും മനക്കരുത്തും ആവശ്യമാണ്. ഈ യാത്ര എന്നെ എവിടെ എത്തിച്ചുവെന്നതിലും എങ്ങനെ പരുവപ്പെടുത്തിയെന്നതിലും ഞാന്‍ അഭിമാനിക്കുന്നുണ്ട്. ബഹുമാനപ്പെട്ട കൊണ്ട സുരേഖ, നിങ്ങളതിനെ തീര്‍ത്തും നിസാരമായി കാണരുത്. മന്ത്രിയെന്ന നിലയില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് കരുത്തേറെയാണെന്ന് നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കാനും കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കാനും നിങ്ങള്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

എന്‍റെ വിവാഹമോചനം തീര്‍ത്തും സ്വകാര്യമായ വിഷയമാണ്. അതേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് അഭ്യര്‍ഥന. അക്കാര്യം തികച്ചും സ്വകാര്യമായി സൂക്ഷിക്കാനും അനാവശ്യമായ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുമാണ് ഞങ്ങള്‍ തീരുമാനിച്ചത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ആ വിവാഹമോചനം രണ്ടുപേരുടെയും സമ്മതത്തോട് കൂടി സംഭവിച്ചതാണ്. ഒരു രാഷ്ട്രീയ ഗൂഢാലോചനയും അതില്‍ ഉണ്ടായിട്ടില്ല. നിങ്ങളുടെ രാഷ്ട്രീയപ്പോരുകളില്‍ നിന്ന് എന്‍റെ പേര് ഒഴിവാക്കാമോ? ഇന്നേ വരെ രാഷ്ട്രീയത്തിലിടപെടാതെയാണ് ഞാന്‍ കഴിഞ്ഞത്, അതങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതും.


മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദത്തിന് വഴി തെളിച്ചിട്ടുണ്ട്. നാഗചൈതന്യക്കും നാഗാര്‍ജുനക്കുമൊപ്പം നിരവധി ബിആര്‍എസ് നേതാക്കളും സുരേഖക്കെതിരെ രംഗത്തെത്തി. സുരേഖയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് നാഗ ചൈതന്യ പ്രതികരിച്ചു.

സിനിമാ താരങ്ങളുടെ ജീവിതം എതിരാളികളെ വിമർശിക്കാൻ ഉപയോഗിക്കരുതെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും നാഗാർജുന പറഞ്ഞു. ''മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം എതിരാളികളെ വിമർശിക്കാൻ ഉപയോഗിക്കരുത്.ദയവായി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. ഉത്തരവാദിത്തമുള്ള ഒരു സ്ത്രീ എന്ന നിലയിൽ, ഞങ്ങളുടെ കുടുംബത്തിനെതിരായ നിങ്ങളുടെ അഭിപ്രായങ്ങളും ആരോപണങ്ങളും തികച്ചും അപ്രസക്തവും വ്യാജവുമാണ്. പരാമര്‍ശം പിന്‍വലിക്കണം'' നാഗാര്‍ജുന എക്സില്‍ കുറിച്ചു.

മന്ത്രി മാപ്പ് പറയണമെന്ന് ബിആർഎസ് നേതാവ് ഹരീഷ് റാവു ആവശ്യപ്പെട്ടു. കെടിആറിനെക്കുറിച്ചുള്ള മന്ത്രി കൊണ്ടാ സുരേഖയുടെ പരാമർശത്തെ ബിആർഎസ് എംഎൽസിയും മുൻ മന്ത്രിയുമായ സത്യവതി റാത്തോഡ് അപലപിച്ചു.

2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരാകുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News