'സാമന്തയുടെ സിനിമാ കരിയര്‍ അവസാനിച്ചു'; തെലുഗു നിര്‍മാതാവ് ചിട്ടി ബാബു

സിനിമാ പ്രചാരണത്തിനിടെ കരഞ്ഞ് സാമന്ത മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുകയാണെന്ന് ചിട്ടി ബാബു കുറ്റപ്പെടുത്തി

Update: 2023-04-18 14:54 GMT
Editor : ijas | By : Web Desk
Advertising

മയോസൈറ്റിസ് രോഗബാധിതയായ നടി സാമന്തയുടെ സിനിമാ കരിയര്‍ അവസാനിച്ചതായി തെലുഗു നിര്‍മാതാവ് ചിട്ടി ബാബു. യശോദ സിനിമയുടെ പ്രചാരണത്തിനിടെ രോഗത്തെക്കുറിച്ച് സാമന്ത വികാരാധീനയായി സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. പിന്നാലെ സാമന്ത നായികയായ ശാകുന്തളം തിയറ്ററിലെത്തിയിരുന്നു. ഇത് വലിയ പരാജയമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിട്ടി ബാബുവിന്‍റെ പ്രതികരണം.

സിനിമാ പ്രചാരണത്തിനിടെ കരഞ്ഞ് സാമന്ത മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുകയാണെന്ന് ചിട്ടി ബാബു കുറ്റപ്പെടുത്തി. വിവാഹ മോചനത്തിന് ശേഷം പുഷ്പയിലെ ഐറ്റം സോങ് ചെയ്തത് ജീവിതമാര്‍ഗത്തിന് വേണ്ടിയാണെന്നും ചിട്ടി ബാബു പരിഹസിച്ചു.

'താരപദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം അവർ സ്വീകരിക്കുകയാണ്. സൂപ്പർതാരം എന്ന നിലയിലുള്ള സാമന്തയുടെ കരിയർ അവസാനിച്ചു. ഇനി തിരിച്ചെത്താൻ കഴിയുകയില്ല. ലഭിക്കുന്ന അവസരങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകാമെന്നല്ലാതെ മറ്റു വഴികളില്ല'; ചിട്ടി ബാബു പറഞ്ഞു.

'സിനിമ പ്രെമോഷനുകളിൽ വിലകുറഞ്ഞ തന്ത്രമാണ് സാമന്ത പയറ്റുന്നത്. യശോദ സിനിമയുടെ സമയത്ത് കരഞ്ഞ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാൻ ശ്രമിച്ചു. ഇതുതന്നെയാണ് ശാകുന്തളത്തിലും ചെയ്തത്. കരഞ്ഞ് സഹതാപം നേടിയെടുക്കാൻ ശ്രമിച്ചു. എന്നാൽ അത് എപ്പോഴും സാധ്യമാകില്ല. നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്താൽ പ്രേക്ഷകർ കാണും. ഇപ്പോൾ ചെയ്യുന്നത് വില കുറഞ്ഞതും ബുദ്ധിഭ്രമമുള്ള പ്രവൃത്തികളാണ്'; ചിട്ടിബാബു ഒരു തെലുഗ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതെ സമയം ചിട്ടി ബാബുവിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. തെന്നിന്ത്യയിലെ താരപദവിയുള്ള നായികക്കെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ് ഡി.കെ സംവിധാനം ചെയ്യുന്ന സിറ്റാഡല്‍ സീരീസിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News