'നിങ്ങളുടെ മകന്റെ 'മിർസാപൂർ' കണ്ട് ഛർദിക്കാൻ തോന്നി'; അനിമൽ വിമർശനത്തിൽ ജാവേദ് അക്തറിനെതിരെ സന്ദീപ് റെഡ്ഡി
ഒരു പുരുഷൻ സ്ത്രീയോട് തന്റെ ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയോ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുകയോ ചെയുന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുന്ന പ്രവണത അപകടകരമാണെന്നായിരുന്നു ജാവേദ് അക്തറിന്റെ വിമർശനം.
കഴിഞ്ഞവർഷം ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ച ചിത്രമാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'അനിമല്‍'. എന്നാൽ, ചിത്രത്തിലെ വയലൻസും സ്ത്രീവിരുദ്ധതയും വൻ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ടോക്സിക് മസ്കുലിനിറ്റിയുടെ അതിപ്രസരം കാരണം ചിത്രത്തിനെതിരെ നിരവധിയാളുകളാണ് രംഗത്തുവന്നത്. ഒ.ടി.ടി റിലീസോടെ ചർച്ചകൾ മറ്റൊരു തലത്തിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തെ വിമർശിച്ച ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തറിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക.
ഔറംഗബാദിലെ അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംസാരിക്കവെയായിരുന്നു ജാവേദ് അക്തർ അനിമലിനെക്കുറിച്ച് പരാമർശിച്ചത്."ഏത് തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചാൽ സമൂഹത്തിന്റെ കയ്യടി കിട്ടുമെന്ന് ഇന്നത്തെ യുവ സംവിധായകർക്ക് മനസിലാകുന്ന ഒരു പരീക്ഷണ സമയമാണിതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ, ഒരു പുരുഷൻ സ്ത്രീയോട് തന്റെ ചെരുപ്പ് നക്കാൻ ആവശ്യപ്പെടുകയോ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുകയോ ചെയുന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുന്ന പ്രവണത അപകടകരമാണ്" എന്നായിരുന്നു അനിമലിന്റെ പേരെടുത്ത് പറയാതെ ജാവേദ് അക്തറിന്റെ പരാമർശം. പ്രണയം തെളിയിക്കാൻ രൺബീറിന്റെ രൺവിജയ് സിങ് എന്ന കഥാപാത്രം ത്രിപ്തി ദിമ്രിയുടെ കഥാപാത്രം സോയയോട് ഷൂ നക്കാൻ ആവശ്യപ്പെടുന്ന ഒരു രംഗം സിനിമയിലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ജാവേദ് അക്തറിന്റെ വിമർശനം.
എന്നാൽ, ജാവേദ് അക്തറിന്റെ മകനും നടനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ നിര്‍മിച്ച മിര്‍സാപുര്‍ എന്ന വെബ് സീരീസിനെ കടന്നാക്രമിച്ചാണ് സന്ദീപ് റെഡ്ഡി വാങ്ക ഈ വിമർശനത്തിന് മറുപടി നൽകുന്നത്. 'മിര്‍സാപുര്‍ എന്ന സീരീസ് നിര്‍മിക്കുമ്പോള്‍ എന്തുകൊണ്ട് ജാവേദ് അക്തര്‍ സ്വന്തം മകനോട് ഇതൊന്നും പറഞ്ഞില്ല. ആ സീരീസില്‍ ഉടനീളം മോശം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഞാനത് മുഴുവന്‍ കണ്ടിട്ടില്ല. തെലുങ്കിലേക്ക് മൊഴിമാറ്റിയ ആ ഷോ കണ്ടാല്‍ നിങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നും" സന്ദീപ് റെഡ്ഡി വാങ്ക ഒരു അഭിമുഖത്തിഷ പറഞ്ഞു. ജാവേദ് അക്തര്‍ സിനിമ കണ്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും മറ്റൊരാളുടെ കലാസൃഷ്ടിയ്ക്ക് മേല്‍ കല്ലെറിയുന്നവര്‍ സ്വന്തം പശ്ചാത്തലം പരിശോധിക്കണമെന്നും സന്ദീപ് റെഡ്ഡി കൂട്ടിച്ചേർത്തു.
നേരത്തേ ജാവേദ് അക്തറിന് മറുപടിയുമായി അനിമൽ ടീം തന്നെ രംഗത്തുവന്നിരുന്നു."നിങ്ങളിലെ നിലവാരമുള്ള എഴുത്തുകാരന് ഒരു കാമുകൻ നേരിട്ട വഞ്ചന മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങളുടെ കലാസൃഷ്ടികളെല്ലാം വ്യാജമാണ്. പുരുഷനാൽ വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയാണ് തന്റെ ഷൂ നക്കാൻ പുരുഷനോട് ആവശ്യപ്പെടുന്നതെങ്കിൽ അതിനെ ഫെമിനിസം എന്ന് വിളിച്ച് നിങ്ങൾ ആഘോഷിച്ചേനെ. പ്രണയം ലിംഗ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാകട്ടെ. അവരെ പ്രണയിനികൾ എന്നുമാത്രം വിളിക്കാം" എന്നായിരുന്നു അനിമൽ ദി ഫിലിം ടീം തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചത്.