എന്‍റെ കുഞ്ഞുങ്ങള്‍ക്ക് ബോറടിക്കുന്നില്ല, അതാണ് എന്‍റെ സന്തോഷം: സാന്ദ്രാ തോമസ്

കുട്ടികളെ മാനേജ് ചെയ്യുക എന്നത് ഒരു ആര്‍ട്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തന്‍റെ പാരന്‍റിംഗ് അനുഭവങ്ങളുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്.

Update: 2021-09-16 04:27 GMT
Advertising

''കുട്ടികള്‍ സന്തോഷമായിട്ടിരിക്കുകയാണെങ്കില്‍ പാരന്‍റ്സും ഹാപ്പിയായിരിക്കും...പാരന്‍റ്സ് ഹാപ്പിയായിട്ടിരിക്കുകയാണെങ്കിലോ കുട്ടികളും സന്തോഷത്തോടെയിരിക്കും.'' പറയുന്നത് നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് ആണ്.

തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് സാന്ദ്ര തന്‍റെ ഇരട്ടകുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. മണ്ണിനെ അറിഞ്ഞും പാടത്തും പറമ്പിലും നടന്നും ചിരട്ട കളിപ്പാട്ടമാക്കിയും മഴ നനഞ്ഞും കുളത്തില്‍ കുളിച്ചും മരംകേറിയും പ്രകൃതിയെയും സര്‍വ്വചരാചരങ്ങളെയും അറിഞ്ഞാണ് ഈ രണ്ട് കുഞ്ഞുങ്ങളും ലോകത്തെ മനസ്സിലാക്കുന്നത്.

കെന്‍ഡലിന്‍, കാറ്റ്‍ലിന്‍ എന്നാണ് മക്കള്‍ക്കായി സാന്ദ്രയും ഭര്‍ത്താവ് വില്‍സണ്‍ ജോണും പേരിട്ടിരിക്കുന്നത്. പക്ഷേ വിളിപ്പേര് ഉമ്മിണിത്തങ്ക, ഉമ്മുക്കൊലുസ്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട് സാന്ദ്ര. അതുകൊണ്ടുതന്നെ 'തങ്കക്കൊലുസ്' എന്ന പേരിലാണ് കുട്ടികളിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്.

ഹാപ്പി കിഡ് ഹാപ്പി പാരന്‍റ്സ്  പോഗ്രാമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തന്‍റെ പാരന്‍റിംഗ് അനുഭവങ്ങള്‍ മീഡിയവണുമായി പങ്കുവെക്കുകയാണ് സാന്ദ്രാ തോമസ്.


നമുക്ക് കുട്ടിക്കാലത്ത് ബോറടിച്ചിട്ടില്ല; പക്ഷേ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് ബോറടിക്കുന്നത്?

പല വീടുകളിലും രക്ഷിതാക്കള്‍ പലതരം സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടാണ് ജീവിക്കുന്നത്. കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും കുട്ടികളുടെ സാന്നിധ്യവും ചോദ്യങ്ങളും കുസൃതികളും ചിലപ്പോഴെങ്കിലും അച്ഛനമ്മമാരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ചിലര്‍ ആ ദേഷ്യം കുട്ടികളോട് കാണിക്കുകയും ചെയ്യും.

എന്‍റേതായ ജോലികളും തിരക്കുകളും ഉള്ള ഒരാളാണ് ഞാനും. പക്ഷേ കുട്ടികള്‍ക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. കുട്ടികളെ മാനേജ് ചെയ്യുക എന്നത് ഒരു ആര്‍ട്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി ഒരുഭാഗത്ത് അടക്കിയിരുത്തി അവരെ കളിപ്പിക്കുന്നതിലും, ഞാനെന്ന അമ്മയ്ക്ക് സന്തോഷം കിട്ടുന്നത് അവര്‍ മണ്ണില്‍ കളിക്കുമ്പോഴാണ്, മരത്തിനോട് സംസാരിക്കുമ്പോഴാണ്, പ്രകൃതിയെ അറിഞ്ഞ് വളരുമ്പോഴാണ്...

ബോറിംഗ്, അഥവാ ബോറടിക്കുന്നു എന്നൊരു വാക്കോ അവസ്ഥയോ ഞാനൊന്നും എന്‍റെ കുട്ടിക്കാലത്ത് അനുഭവിച്ചിട്ടില്ല... കേട്ടിട്ടുമില്ല... കാരണം അത്രയേറെ ഞാനും സമപ്രായക്കാരും പല കളികളുടെയും തിരക്കുകളിലായിരുന്നു. അതുതന്നെയാണ് ഞാനും എന്‍റെ  കുട്ടികളുടെ കാര്യത്തില്‍ ചെയ്യുന്നത്. ഞാന്‍ അവരെ എന്‍ഗേജ്ഡ് ആക്കുകയാണ്. അവര്‍ എന്‍ഗേജ്ഡ് ആകുമ്പോഴാണ് എനിക്ക് സന്തോഷിക്കാന്‍ കഴിയുന്നത്. അവര്‍ മണ്ണില്‍ കളിക്കുന്നു, മണ്ണപ്പം ചുട്ടു കളിക്കുന്നു, അവര്‍ മരത്തില്‍ കേറി കളിക്കുന്നു- അങ്ങനെ പ്രകൃതിയുമായി ചേര്‍ന്ന് വേണം കുട്ടികള്‍ വളര്‍ന്നുവരാന്‍. അപ്പോഴാണ് ഞാനെന്ന അമ്മ സന്തോഷിക്കുന്നത്.


എന്താണ് പാരന്‍റിംഗ്?

ഞാന്‍ പാരന്‍റിംഗ് പുസ്തകങ്ങളോ മറ്റ് കാര്യങ്ങള്‍ റഫര്‍ ചെയ്തോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. എന്‍റെ അനുഭവത്തിലൂടെയാണ് ഞാന്‍ ഓരോന്ന് പഠിക്കുന്നത്. ഞാന്‍ പല കാര്യങ്ങളും അവരില്‍ നിന്ന് പഠിക്കാറുണ്ട്. നമ്മള്‍ ബഹുമാനം കൊടുത്താല്‍ നമുക്കും ബഹുമാനം കിട്ടും എന്ന് പറയാറില്ലേ. പക്ഷേ എത്ര അച്ഛനുമമ്മയും കുഞ്ഞുങ്ങളെ ബഹുമാനിക്കാറുണ്ട്, കുട്ടികള്‍ക്ക് ബഹുമാനം കൊടുക്കാറുണ്ട്. കുട്ടികള്‍ പറയുന്ന ഒരു വാക്കിന് മൂല്യം കല്‍പ്പിക്കാറുണ്ട്.

തിരിച്ചും ചിന്തിക്കാം... ഞാന്‍ പറയുന്ന ഒരു കാര്യത്തിന് എന്‍റെ അച്ഛനും അമ്മയും എത്ര മൂല്യം കല്‍പ്പിക്കുന്നുണ്ട് എന്നത്. അവിടെ ഞാനെത്ര മുതിര്‍ന്നു എന്നതല്ല പ്രധാനം. ഞാനവര്‍ക്ക് മകളും അവരെന്‍റെ  അച്ഛനും അമ്മയും ആണെന്നതാണ്. നമ്മളെപ്പോഴും കുട്ടികളെ കുട്ടികളായി മാത്രമേ കാണാറുള്ളൂ.. അവരെ ഒരു വ്യക്തിയായി നമ്മള്‍ ഒരിക്കലും പരിഗണിക്കാറില്ല. ചെറുപ്പം മുതലേ അവരെ അങ്ങനെ പരിശീലിപ്പിക്കേണ്ടതുണ്ട്. അവരില്‍ മാത്രമല്ല, നമ്മളിലും അങ്ങനെയൊരു ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. കുട്ടികളെ റെസ്‍പെക്ട് ചെയ്യുകയും, കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളെ ശ്രദ്ധിക്കുകയും, അവര്‍ പറയുന്ന കാര്യങ്ങളെ പരിഗണിക്കുകയും തന്നെ വേണം.


കുട്ടി 'നോ' എന്ന് പറഞ്ഞാല്‍ അത് ''നോ' എന്നാണ് എന്ന് തന്നെ അംഗീകരിക്കുക

കുട്ടി ഒരു കാര്യം 'നോ' എന്ന് പറഞ്ഞാല്‍ അത് 'നോ' എന്നാണ് എന്ന് ഉള്‍ക്കൊള്ളുക. അതിനി, ഭക്ഷണത്തിന്‍റെ കാര്യത്തിലായാല്‍ പോലും. പലപ്പോഴും രക്ഷിതാക്കളുടെ ആശങ്ക മുഴുവനും കുട്ടികളുടെ ഭക്ഷണത്തിന്‍റെ കാര്യത്തിലാണ്. കുട്ടി വേണ്ട എന്ന് പറഞ്ഞാല്‍, എനിക്കറിയാം നിന്‍റെ വയറു നിറഞ്ഞിട്ടില്ലെന്ന്... കഴിക്ക്, കഴിക്ക് എന്ന് പറഞ്ഞുകൊണ്ടിരിക്കും നമ്മള്‍. കുട്ടികളുടെ വായയിലേക്ക് ഭക്ഷണം കുത്തിക്കേറ്റി, വയറ് കുത്തിനിറച്ചല്ല അവരെ ആഹാരം കഴിപ്പിക്കേണ്ടത്. മനുഷ്യന്‍റെ  അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ആഹാരം. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കണമെന്ന് ഏത് കുഞ്ഞിനും അറിയാം. കുട്ടികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മതി എന്ന് പറഞ്ഞാല്‍ അത് ഒരു നോ ആയി തന്നെ പരിഗണിക്കണം. ഇതെല്ലാം ഞാന്‍ പഠിച്ചത് എന്‍റെ മക്കളുടെ അടുത്ത് നിന്നാണ്.

Full View

ഉപദേശിച്ചല്ല, സ്വഭാവം കൊണ്ട് മാതൃക കാണിക്കണം അച്ഛനുമമ്മയും

അതുപോലെ തന്നെയാണ് കുട്ടികളോട് നമ്മള്‍ ദേഷ്യം പിടിക്കുന്നത്. കുട്ടികള്‍ ആഗ്രഹിച്ച എന്തെങ്കിലും ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ അച്ഛനെയോ അമ്മയെയോ വേദനിപ്പിച്ചേക്കാം. അപ്പോള്‍ തിരിച്ച് കുഞ്ഞിന് ഒരടി കൊടുത്താണ് നമ്മള്‍ പറയുക, ഒരാളെ വേദനിപ്പിച്ചല്ല നീ നിന്‍റെ കാര്യം നേടേണ്ടത്. സത്യത്തില്‍ നമ്മളെന്താണ് ചെയ്തത്. നമ്മളും വേദനിപ്പിക്കുകയല്ലേ ചെയ്തത്. നമ്മള്‍ പലപ്പോഴും കുട്ടികളെ ഉപദേശിക്കും. പക്ഷേ നമ്മള്‍ കൊടുക്കുന്ന ഉപദേശം ഒന്നും, നമ്മള്‍ അവരോട് പെരുമാറുന്ന രീതി മറ്റൊന്നുമായിരിക്കും. അവിടെയാണ് നമുക്ക് തെറ്റുപറ്റുന്നത്. കുട്ടികളെപ്പോഴും നമ്മുടെ സ്വഭാവമാണ് അനുകരിക്കുന്നത്.

നമ്മളൊക്കെ തെറ്റുപറ്റുന്നവരാണ്. പക്ഷേ, അത് തിരുത്തിവേണം നമ്മള്‍ മുന്നോട്ട് പോകാന്‍... അങ്ങനെയെങ്കില്‍ നമ്മളും ഹാപ്പിയായിരിക്കും നമ്മുടെ കുട്ടികളും ഹാപ്പിയായിരിക്കും. നമുക്ക് നമ്മുടെ ജീവിതത്തില്‍ ഏറ്റവും വേണ്ടതുതന്നെ സന്തോഷമാണ്. ഹാപ്പി പാരന്‍റിംഗ് നാം വളര്‍ത്തിയെടുക്കേണ്ടത് കുട്ടികളെ ബഹുമാനിച്ചും അവരുടെ ഇഷ്ടങ്ങളെ മാനിച്ചും കൊണ്ടാണ്. അപ്പോഴെ നമുക്ക് പാരന്‍റിംഗ് ആസ്വദിക്കാന്‍ കഴിയുകയുള്ളൂ..


'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത് പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ

Website: www.happykid.in

Instagram: www.instagram.com/happykidbabycare/

Facebook: www.facebook.com/happykidbabycare

Tags:    

By - ഖാസിദ കലാം

contributor

Similar News