'കാർമേഘം മൂടുന്നു'... സന്തോഷിന്‍റെ ആഗ്രഹം സഫലമായി കാവലിലൂടെ
നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെയാണ് സന്തോഷ് ചലച്ചിത്ര പിന്നണി ഗായകനായത്
ഒരു സിനിമയിൽ പാടിയ ശേഷമേ മരിക്കാവൂ എന്ന സന്തോഷിന്‍റെ ആഗ്രഹം സുരേഷ് ഗോപി യാഥാര്‍ഥ്യമാക്കി. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയില്‍ സംഗീത എന്ന മത്സരാര്‍ഥിക്കൊപ്പം എത്തിയതായിരുന്നു സന്തോഷ്. അന്ന് ശ്രീരാഗമോ എന്ന ഗാനം പാടി സന്തോഷ് സുരേഷ് ഗോപിയുടെ മനംകവര്‍ന്നു. ശാരീരികമായ ബുദ്ധിമുട്ടുകളുള്ള സന്തോഷിന്‍റെ ആഗ്രഹം സുരേഷ് ഗോപി നിറവേറ്റിയത് കാവല്‍ എന്ന സിനിമയിലൂടെയാണ്.
നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെയാണ് സന്തോഷ് ചലച്ചിത്ര പിന്നണി ഗായകനായത്. കാർമേഘം മൂടുന്നു... എന്ന പാട്ടാണ് സന്തോഷ് ആലപിച്ചത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകി. 'കാവല്‍' നവംബര്‍ 25ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഗുഡ്‌വിൽ എന്‍റർടൻമെന്‍സിന്‍റെ ബാനറിൽ ജോബി ജോർജാണ് കാവല്‍ നിര്‍മിച്ചത്. സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രാജേഷ് ശര്‍മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വില്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഖില്‍ എസ്. പ്രവീണാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്. മേക്കപ്പ്- പ്രദീപ് രംഗന്‍, ആര്‍ട്- ദിലീപ് നാഥ്, വസ്ത്രധാരണം- നിസാര്‍ റഹ്മത്ത്, ഫൈറ്റ്- സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം. സൗണ്ട് ഡിസൈന്‍- അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍. ചീഫ് അസോസിയേറ്റ്- സനൽ വി. ദേവൻ, സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്‌സിക്യൂട്ടീവ്- പൗലോസ് കുറുമട്ടം. സഹ സംവിധായകന്‍- രഞ്ജിത്ത് മോഹന്‍.