സീരിയല്‍ സംവിധായകന്‍ സുജിത്ത് സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഈയിടെ സംവിധായകരായ രാജസേനന്‍,രാമസിംഹന്‍,നടന്‍ ഭീമന്‍ രഘു എന്നിവര്‍ ബി.ജെ.പി വിട്ടിരുന്നു
കൊച്ചി: സീരിയല്‍ സംവിധായകന്‍ സുജിത്ത് സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജനതാദള്‍ എസില്‍ നിന്നും ഒരു കൂട്ടം നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഈയിടെ സംവിധായകരായ രാജസേനന്‍,രാമസിംഹന്‍,നടന്‍ ഭീമന്‍ രഘു എന്നിവര്‍ ബി.ജെ.പി വിട്ടിരുന്നു.
മൂന്നു പതിറ്റാണ്ടോളമായി സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സംവിധായകനാണ് സുജിത്ത്. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് പ്രശസ്തനാകുന്നത്. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകൻ 27 വർഷത്തിനിടെ ഇരുപതോളം ടിവി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകൾ.
പാലോട് സന്തോഷ്, മനോജ് കുമാർ, കെ പത്മനാഭൻ, അഗസ്റ്റിൻ കോലഞ്ചേരി, നറുകര ഗോപി, അയത്തിൽ അപ്പുക്കുട്ടൻ, ടി പി പ്രേംകുമാർ, ഖമറുന്നിസ എന്നീ ജനതാദൾ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള ഇൻചാർജുമായ പ്രകാശ് ജാവദേക്കർ പുതുതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തു.