"പ്രണയകഥകൾ ബോറാണെന്നാണ് കരുതിയത്...ഒരു ആക്ഷൻ സിനിമ എന്നും മനസിൽ ഉണ്ടായിരുന്നു"
ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ ഏറ്റവും ഉച്ചത്തിൽ വിസിൽ മുഴക്കിയത് താൻ തന്നെയാണെന്നും ഷാരൂഖ് പറയുന്നു
ഒരിടവേളക്ക് ശേഷം 'പഠാനിലൂടെ' തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാൻ. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ പഠാനിലേക്കുള്ള തന്റെ വരവിനെ കുറിച്ച് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു മുഴുനീള ആക്ഷൻ സിനിമയിൽ അഭിനയിക്കാൻ എന്നും ആഗ്രഹമുണ്ടായിരുന്നെന്നും പഠാൻ വന്നപ്പോൾ അത് ഏറ്റെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ലെന്നും ഷാരൂഖ് പറയുന്നു.
ആക്ഷൻ സിനിമ ചെയ്യണമെന്നത് തന്റെ ജീവിത സ്വപ്നം തന്നെയായിരുന്നു. ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത് മുതൽ ഈ ആഗ്രഹം മനസിലുണ്ടായിരുന്നു. "ആദിത്യ ചോപ്ര ആദ്യം എനിക്കായി എഴുതിയത് ഒരു ആക്ഷൻ സിനിമയായിരുന്നു. പ്രണയമോ ഒരു സോഷ്യൽ ഡ്രാമയോ എനിക്ക് ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം ആദിത്യ വന്നു പറഞ്ഞു, ഈ കഥ നമുക്ക് ഉപേക്ഷിക്കാം... എന്റെ കയ്യിൽ ഒരു പ്രണയകഥയുണ്ട്. എന്നാൽ, എനിക്ക് പ്രണയകഥകൾ ചെയ്യാൻ മടിയായിരുന്നു. അത് ബോറിങ് ആണെന്നാണ് വിചാരിച്ചിരുന്നത്"; ഷാരൂഖ് പറഞ്ഞു.
എന്നാൽ, ആദിത്യയുടെ നിർബന്ധ പ്രകാരം ആ സിനിമ ഏറ്റെടുക്കുകയായിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ദിൽവാലെ ദുൽഹനിയ ലേ ജാംഗെ ആയിരുന്നു ആ ചിത്രം. "വർഷങ്ങൾക്ക് മുൻപായിരുന്നു അത്. പിന്നീട് ആദിത്യ പഠാനുമായി എത്തുന്നത് കോവിഡിന്റെ സമയത്താണ്. വളരെ കുറച്ച് ഷൂട്ടിങ് മാത്രമേ അപ്പോൾ അനുവദിച്ചിരുന്നുള്ളൂ. പെട്ടെന്ന് തന്നെ എന്റെ ടീമിനോട് നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു. അവൻ (ആദിത്യ ചോപ്ര) ഈ സിനിമയിൽ നിന്ന് പിന്മാറുന്നതിന് മുൻപ് ചെയാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. അങ്ങനെ കഷ്ടപ്പെട്ട് വർക്ക് ഔട്ട് ചെയ്‌ത് ബോഡി ബിൽഡ് ചെയ്തു. എന്നാൽ, അവർക്കതൊന്നും ആവശ്യമില്ലായിരുന്നു. നിങ്ങൾ വളരെ കൂൾ ആയിട്ട് ആക്ഷൻ ചെയ്‌താൽ മതി, ഇതൊക്കെ നിങ്ങൾക്ക് എളുപ്പമാണെന്നാണ് അവർ പറഞ്ഞത്"; ഷാരൂഖ് പറഞ്ഞു.
പഠാൻ ഒരു 'ഓവർ-ദി-ടോപ്പ്' ആക്ഷൻ ചിത്രമാണെന്നും തന്റെ കുട്ടികൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാരൂഖ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ ഏറ്റവും ഉച്ചത്തിൽ വിസിൽ മുഴക്കിയത് താൻ തന്നെയാണെന്നും താരം പറയുന്നു. "സിനിമയാണ് ജീവിതം. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ സിനിമക്ക് തുല്യമായാണ് ഞാൻ കാണുന്നത്. എന്റെ മകൻ ജനിച്ച സമയം, ഗൗരി ഹോസ്പിറ്റലിൽ പോയത് കുച്ച് കുച്ച് ഹോതാ ഹേയുടെ അവസാന ദിവസമാണെന്ന് ഞാൻ ഓർക്കുന്നു"; ഷാരൂഖ് കൂട്ടിച്ചേർത്തു.
അഞ്ച് വർഷത്തിന് ശേഷം ഷാരൂഖിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. അതിനൊപ്പം വിവാദങ്ങളും ചിത്രത്തെ വിടാതെ പിന്തുടരുന്നുണ്ട്. പഠാനിലെ 'ബേഷറാം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം.
സിദ്ധാർഥ് ആനന്ദാണ് പഠാൻ സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.റോ ഏജൻറായ പഠാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.