'നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും കരുതലിനും നന്ദി'; ഷാരൂഖ് ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മാനേജർ
ഐപിഎൽ മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു താരത്തിന് ക്ഷീണം അനുഭവപ്പെട്ടത്.
അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ താരവും ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളുമായ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലമാണ് ഷാരൂഖിനെ അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ താരത്തിന്റെ ആരോഗ്യ പുരോഗതിയെ കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് മാനേജർ പൂജ.
"നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, ഖാൻ്റെ എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം സുഖമായിരിക്കുന്നു". പൂജ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു.
അതേസമയം, ടീമിന്റെ സഹ ഉടമയും സുഹൃത്തും നടിയുമായ ജൂഹി ചൗള ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി ഷാരൂഖിനെ കണ്ടിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ജൂഹി ചൗളയും ഖാന്റെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്തെത്തി. “കഴിഞ്ഞ ദിവസം വൈകിട്ടോടെ ഷാരൂഖിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ട്. വൈകാതെ അദ്ദേഹം ആരോഗ്യം വീണ്ടെടുക്കും. നമ്മുടെ ടീം ഫൈനൽ കളിക്കുമ്പോൾ, ആവേശമൊരുക്കാൻ അദ്ദേഹവും ഗാലറിയിൽ ഉണ്ടാകും” ജൂഹി ചൗള പ്രതികരിച്ചു.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു താരത്തിന് ക്ഷീണം അനുഭവപ്പെട്ടത്. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ രേഖപ്പെടുത്തിയത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.